കോറോണ വീഡിയോകള്‍ക്ക് പരസ്യം ഒഴിവാക്കി യൂട്യൂബ്; ആശങ്കയുമായി ക്രിയേറ്റര്‍മാര്‍

കോറോണ വൈറസിനോടുള്ള പേടി യൂട്യൂബര്‍മാര്‍ക്കിടയിലും എത്തിപ്പെട്ടോ? യൂട്യൂബര്‍മാര്‍ ആ വിഷയം സംസാരിക്കാന്‍ മടിക്കുകയാണ്. എന്താണെന്ന് അറിയേണ്ടേ, കാര്യം ഇതാണ് അവരുടെ വരുമാനം മുടങ്ങും.

കോറോണ വൈറസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുന്ന വീഡിയോകള്‍ നല്‍കിയാല്‍ വരുമാനം നല്‍കുന്ന പരസ്യങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം. യൂട്യൂബിന്റെ ഈ നിലപാട് ക്രിയേറ്റര്‍മാര്‍ക്കിടയിലാണ് ആശങ്കയുണ്ടാക്കിയിട്ടുള്ളത്.

സെന്‍സിറ്റീവ് ഉള്ളടക്കങ്ങളുള്ള വീഡിയോകള്‍ക്ക് മുമ്പും യൂട്യൂബ് പരസ്യങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. പരസ്യങ്ങള്‍ ഒഴിവാക്കുമെങ്കിലും അത്തരം വീഡിയോകള്‍ നീക്കം ചെയ്യില്ല. ആ വീഡിയോ ചെയ്തയാള്‍ക്ക് അതില്‍ നിന്നും വരുമാനമൊന്നും ലഭിക്കില്ല.

കോറോണ വൈറസ് സംബന്ധിച്ച വിഷയങ്ങള്‍ ഒരു തന്ത്രപ്രധാന വിഷയമായാണ് യൂട്യൂബ് ഇപ്പോള്‍ കണക്കാക്കുന്നത്. അതിനാല്‍ ഈ വിഷയം ഉള്‍ക്കൊള്ളുന്ന വീഡിയോകള്‍ക്ക് വീണ്ടുമൊരു അറിയിപ്പുണ്ടാവുന്നത് വരെ പരസ്യം നീക്കം ചെയ്യുന്നതായിരിക്കുമെന്ന് യൂട്യൂബ് പ്രൊഡക്റ്റ് ഓഫീസര്‍ ടോം ലിയൂങ് പറഞ്ഞു.

കൊറോണ വൈറസ് എന്ന പേര് തന്നെ വീഡിയോയിലോ അടിക്കുറിപ്പിലോ ഉള്‍പ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുകയാണ്. അതേസമയം എല്ലാ വീഡിയോ ക്രിയേറ്റര്‍മാരുടേയും പരസ്യം നഷ്ടമാവില്ല. വാര്‍ത്താ മാധ്യമങ്ങളുകളുടെ യൂട്യൂബ് ചാനലിലും കോറോണ വൈറസ് സംബന്ധിച്ച വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്.

Top