സാമ്പത്തിക പ്രതിസന്ധി; ടെലികോം മേഖലയ്ക്ക് സര്‍ക്കാര്‍ സഹായ പാക്കേജ് പ്രഖ്യാപിച്ചു?

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ ടെലികോം മേഖലയെ സഹായിക്കാന്‍ സര്‍ക്കാര്‍ സഹായ പാക്കേജ് പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. തകര്‍ച്ചയുടെ വക്കില്‍നില്‍ക്കുന്ന വോഡഫോണ്‍ ഐഡിയയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഈ വാര്‍ത്ത. എന്നാല്‍ പാക്കേജുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല.

കുടിശികയായി 53000 കോടി രൂപയാണ് വോഡഫോണ്‍ ഐഡിയ കമ്പനികള്‍ സര്‍ക്കാരിന് നല്‍കാനുള്ളത്. ഇതുമായി ബന്ധപ്പെട്ട കേസില്‍ മാര്‍ച്ച് 17 ന് വീണ്ടും കോടതി ചേരുന്നതിന് മുന്നോടിയായി കമ്പനികള്‍ക്കുള്ള സഹായ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. കുടിശിക തിരിച്ചടയ്ക്കുന്നതിന് കമ്പനികള്‍ക്ക് കുറച്ച് വര്‍ഷം കൂടി സര്‍ക്കാര്‍ സമയം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

കുടിശിക അടയ്ക്കാന്‍ 15 വര്‍ഷം സമയം നല്‍കണമെന്ന് വോഡഫോണ്‍ അഭ്യര്‍ത്ഥിച്ചിരുന്നു. കമ്പനിയുടെ കണക്കനുസരിച്ച് 21500 കോടി രൂപയാണ് കുടിശിക വരിക. എന്നാല്‍ കമ്പനി കണ്ടെത്തിയതിനേക്കാള്‍ കൂടുതല്‍ തുക ടെലികോം വകുപ്പ് കുടിശികയായി ചുമത്തി എന്ന് വോഡഫോണ്‍ ആരോപിച്ചു. ഈ വിഷയത്തില്‍ വോഡഫോണ്‍ ഐഡിയ ഏറെ നാളുകളായി ടെലികോം മന്ത്രാലയവുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. വോഡഫോണ്‍ ഐഡിയ മാത്രമല്ല, ഭാരതി എയര്‍യെല്‍, ടാറ്റ ടെലിസര്‍വീസസ് പോലുള്ള കമ്പനികളും ടെലികോം മന്ത്രാലയത്തിന്റെ കണക്കില്‍ അധിക തുകയാണുള്ളത് എന്ന് പറയുന്നു.

Top