ഷവോമിയുടെ പുതിയ എംഐ10 ഇന്ത്യയിലേക്ക്; ഫോണ്‍ കൂടിയ നിരക്കില്‍ വില്‍ക്കാന്‍ തീരുമാനം

ന്ത്യന്‍ വിപണി കീഴടക്കിയ സ്മാര്‍ട്ഫോണ്‍ ബ്രാന്റാണ് ഷവോമി. കമ്പനി പുതിയതായി ഇന്ത്യയില്‍ എത്തിക്കാനൊരുങ്ങുന്ന സ്മാര്‍ട്ഫോണ്‍ ആണ് എംഐ 10. ഫോണ്‍ സാധാരണയില്‍ നിന്നും കൂടിയ നിരക്കിലേ ഇന്ത്യയില്‍ വില്‍ക്കൂ എന്ന് ഷവോമി ഇന്ത്യ മാനേജിങ് ഡയറക്ടര്‍ മനുകുമാര്‍ ജെയ്ന്‍ വ്യക്തമാക്കിയിരിക്കുകയാണ്.

എംഐ 10 ഫോണുകള്‍ക്ക് ഇന്ത്യയില്‍ ഏകദേശം 40000 രൂപയെങ്കിലും വിലയുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. നേരിട്ടുള്ള ഇറക്കുമതി, ഉയര്‍ന്ന ജിഎസ്ടി, രൂപയുടെ മൂല്യത്തകര്‍ച്ച എന്നിങ്ങനെ മൂന്ന് ഘടകങ്ങളാണ് ഈ വിലവര്‍ധനവിന് കാരണം. ഇന്ത്യയില്‍ നിര്‍മിക്കുന്നതിന് പകരം എംഐ 10 ഫോണുകള്‍ ചൈനയില്‍ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. കഴിഞ്ഞയാഴ്ച സ്മാര്‍ട്ഫോണുകള്‍ക്ക് മേലുള്ള ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. ഒപ്പം രൂപയുടെ മൂല്യമിടിഞ്ഞതും കമ്പനികള്‍ക്ക് വെല്ലുവിളിയായി.

6.67 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് എംഐ 10 ന്. പഞ്ച് ഹോള്‍ ഡിസ്പ്ലേയില്‍ 20 എംപി സെല്‍ഫി ക്യാമറ സ്ഥാപിച്ചിരിക്കുന്നു. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 865 പ്രൊസസര്‍ ശക്തിപകരുന്ന ഫോണില്‍ 12 ജിബി വരെ റാം ശേഷിയും 256 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജും ലഭിക്കും. 108 എംപി പ്രധാന സെന്‍സര്‍ ആയുള്ള ക്വാഡ് ക്യാമറ സംവിധാനത്തില്‍ 13 എംപി ടെലിഫോട്ടോലെന്‍സ്, രണ്ട് മെഗാപിക്സലിന്റെ രണ്ട് സെന്‍സറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. 4780 എംഎഎച്ച് ബാറ്ററി ശേഷിയുള്ള വയര്‍ലെസ് ചാര്‍ജിങ് സൗകര്യം ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.

Top