പഴയ ഐഫോണുകളുടെ പ്രവര്‍ത്തനവേഗം കുറച്ചു; ആപ്പിളിന് വന്‍ തുക പിഴ

പയോക്താക്കളെ അറിയിക്കാതെ ഫോണ്‍ സ്ലോ ആക്കിയതിന് ആപ്പിളിന് വന്‍ തുക പിഴ. ഉപയോക്താക്കളെ അറിയിക്കാതെ കമ്പനി ഇടപെട്ട് പഴയ ഐഫോണുകളുടെ പ്രവര്‍ത്തനവേഗം കുറച്ച സംഭവത്തിലാണ് ആപ്പിളിന് വന്‍ തുക പിഴ ചുമത്തിയത്.

സംഭവത്തില്‍ ആപ്പിളിന് മേല്‍ 2.5 കോടി യൂറോ (192.57 കോടി രൂപയിലധികം) പിഴയാണ് ചുമത്തിയത്. ഫ്രാന്‍സിലെ കോമ്പറ്റീഷന്‍, കണ്‍സ്യൂമര്‍ അഫയേഴ്സ് ആന്റ് ഫ്രോഡ് പ്രിവന്‍ഷന്‍ ഡയറക്ടറേറ്റ് ജനറലാണ് പിഴ ചുമത്തിയത്.

പഴയ ഐഫോണുകളുടെ പ്രവര്‍ത്തന വേഗം കുറയുന്നുവെന്ന് വ്യാപകമായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതോടെ അത് സാങ്കേതിക പ്രശ്നമല്ലെന്നും കമ്പനി നേരിട്ട് ഇടപെട്ട് കുറയ്ക്കുന്നതാണെന്നുമുള്ള വിശദീകരണവുമായി ആപ്പിള്‍ രംഗത്തെത്തുകയും ചെയ്തു.

പഴയ ഐഫോണുകളിലെ ബാറ്ററികളുടെ വൈദ്യുതി വിതരണ ശേഷി കുറയുന്നതിനാല്‍ ഫോണിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ചാര്‍ജ് നല്‍കാന്‍ അവയ്ക്ക് സാധിക്കില്ല. അതിനാല്‍ ഫോണ്‍ കൂടുതല്‍ കാലം ഈട് നില്‍ക്കാന്‍ ബാറ്ററിയ്ക്ക് അനുയോജ്യമായ വിധത്തില്‍ ഫോണിന്റെ പ്രവര്‍ത്തനം ഒരു സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റിലൂടെ ക്രമീകരിക്കുകയാണ് ചെയ്തതെന്നും ആപ്പിള്‍ പറഞ്ഞു. എന്നാല്‍ പുതിയ ബാറ്ററികള്‍ക്ക് വന്‍തുക ഈടാക്കുന്ന ആപ്പിള്‍ ഫോണുകളുടെ പ്രവര്‍ത്തന വേഗം കുറച്ച നടപടി വീണ്ടും വിവാദമാവുകയായിരുന്നു.

Top