ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ വില്‍ക്കില്ല; പുനരുജ്ജീവന പാക്കേജുമായി സര്‍ക്കാര്‍

ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നീ രണ്ട് ടെലികോം കമ്പനികളെ വില്‍ക്കാന്‍ പദ്ധതിയില്ലെന്ന് മന്ത്രി സഞ്ജയ് ധോത്ര. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനികളായ ഭാരതീയ സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍), മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ് (എംടിഎന്‍എല്‍) വില്‍ക്കാനോ സ്വകാര്യവല്‍ക്കരിക്കാനോ സര്‍ക്കാരിന് പദ്ധതിയില്ലെന്നാണ് മന്ത്രി രാജ്യസഭയില്‍ വെളിപ്പെടുത്തിയത്.

കമ്പനികള്‍ സര്‍ക്കാരിനു കനത്ത നഷ്ടമാണ് ഇപ്പോള്‍ വരുത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ നഷ്ടം സൃഷ്ടിക്കുന്ന കമ്പനികള്‍ക്കായി പുതിയൊരു പുനരുജ്ജീവന പാക്കേജ് സര്‍ക്കാരിനു അവതരിപ്പിക്കാന്‍ കഴിയുമെന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ബിഎസ്എന്‍എല്ലിന്റെ നഷ്ടം 2.5 മടങ്ങ് വര്‍ദ്ധിച്ച് 38,089 കോടി രൂപയായി. നിലവില്‍ ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ എന്നിവയുമായി മത്സരിക്കാന്‍ ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും ബുദ്ധിമുട്ടുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ബിഎസ്എന്‍എല്ലിന്റെയും എംടിഎന്‍എല്ലിന്റെയും പുനരുജ്ജീവന പാക്കേജിനൊപ്പം ഒരു സന്നദ്ധ വിരമിക്കല്‍ പദ്ധതിയും (വിആര്‍എസ്) സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഏകദേശം 80,000 ബിഎസ്എന്‍എല്‍ ജീവനക്കാരും 14,000 എംടിഎന്‍എല്‍ ജീവനക്കാരും വിആര്‍എസ് തിരഞ്ഞെടുത്തു. അതേസമയം പുതിയ, നാല് വഴികളുള്ള പുനരുജ്ജീവന പദ്ധതി അവതരിപ്പിക്കുന്നതിലൂടെ, ഈ ടെലികോം കമ്പനികളെ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നഷ്ടം സൃഷ്ടിക്കുന്ന ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പ്രവര്‍ത്തനം തുടരാനും നഷ്ട സാധ്യത കുറക്കാനും ഇതോടെ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. പരമാധികാര ബോണ്ടുകള്‍ നല്‍കി ബിഎസ്എന്‍എല്ലിനും എംടിഎന്‍എല്ലിനുമായി 15,000 കോടി രൂപ സമാഹരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. 38,000 കോടി രൂപയുടെ ആസ്തി വിറ്റഴിക്കുന്നതിലൂടെ നാലുവര്‍ഷത്തേക്ക് ധനസമ്പാദനം നടത്താനും പദ്ധതിയിടുന്നു. ഇതുകൂടാതെ, ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവ വിപണിയില്‍ മത്സരാധിഷ്ഠിതമാക്കുന്നതിന്, 4 ജി സ്പെക്ട്രം അവര്‍ക്ക് അനുവദിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു.

Top