ഓഫ്‌ലൈന്‍ സൗകര്യവുമായി ഗൂഗിള്‍ മാപ്പ്; ഇനി ഇന്റര്‍നെറ്റ് ഇല്ലാതെയും മാപ്പ് ഉപയോഗിക്കാം

രു യാത്രികന് ഏറെ ഉപകാരപ്രദമാണ് ഗൂഗിള്‍ മാപ്പ്. നിരവധി സൗകര്യങ്ങള്‍ ഗൂഗിള്‍ മാപ്പ് നല്‍കുന്നുണ്ട്. അത്തരത്തില്‍ ഒന്നാണ് ഗൂഗിള്‍ മാപ്പിന്റെ ഓഫ്‌ലൈന്‍ ഉപയോഗം.

നെറ്റ്‌വര്‍ക്ക് ഇല്ലാത്ത സ്ഥലങ്ങളിലോ മൊബൈല്‍ ഡേറ്റ ചിലവാക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലോ ഈ ഓഫ്‌ലൈന്‍ സൗകര്യം പ്രയോജനപ്പെടുത്താം. ഇതിനായി
മാപ്പ് ഓഫ്‌ലൈന്‍ ആയി ഡൗണ്‍ലോഡ് ചെയ്യുകയാണ് വേണ്ടത്. ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ സ്ഥലങ്ങള്‍ തിരയാനും വഴികാണിക്കാനും ഗൂഗിള്‍ മാപ്പിന് സാധിക്കും.

ഓഫ്‌ലൈന്‍ ഉപയോഗത്തിനായി ഗൂഗിള്‍ മാപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടത് ഇങ്ങനെയാണ്. ഫോണിലെ ഗൂഗിള്‍ മാപ്പ് ആപ്ലിക്കേഷന്‍ തുറക്കുക. ഇതിലെ ഇടത് ഭാഗത്ത് മുകളിലായി കാണുന്ന മെനു ബട്ടന്‍ തിരഞ്ഞെടുക്കുക. അതില്‍ ഓഫ്‌ലൈന്‍ മാപ്പ്‌സ് എന്നത് തിരഞ്ഞെടുക്കുക. തിരഞ്ഞെടുത്ത ശേഷം സെലക്ട് യുവര്‍ ഓണ്‍ മാപ്പ് എന്ന ബട്ടന്‍ തിരഞ്ഞെടുക്കുക. അപ്പോള്‍ ഒരു നീല ചതുരത്തിനുള്ളിലായി മാപ്പ് തുറന്നുവരും.

ഡൗണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മാപ്പ് ഈ ചതുരത്തിനുള്ളിലേക്ക് ഒതുങ്ങും വിധം തിരഞ്ഞെടുക്കുക. ഓഫ്‌ലൈന്‍ ആയി ഡയറക്ഷന്‍ കാണാനാണ് ആഗ്രഹിക്കുന്നത് എങ്കില്‍, വിരലുകള്‍ ഉപയോഗിച്ച് മാപ്പ് ചതുരത്തിനുള്ളിലാക്കി തിരഞ്ഞെടുക്കുക. പ്രദേശം തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അതിന് താഴെയായി ആ പ്രദേശം ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യമായ ഡാറ്റ എത്രയാണെന്ന് കാണാം. ശേഷം ഡൗണ്‍ലോഡ് ബട്ടന്‍ തിരഞ്ഞെടുത്താല്‍ മാപ്പ് ഡൗണ്‍ലോഡ് ആവും. ഇനി ഡേറ്റ ഓഫ് ചെയ്ത് മാപ്പ് ഉപയോഗിക്കാം.

Top