കൊറോണയ്‌ക്കെതിരായ പോസ്റ്റുകളാണെന്ന് ഫെയ്‌സ് ബുക്ക്; നീക്കം ചെയ്തതോടെ പണി കിട്ടി

ന്യൂയോര്‍ക്ക്: വ്യാജ കൊറോണ സന്ദേശത്തിനെതിരെ നടപടിയെടുക്കുമെന്ന് നേരത്തെ ഫെയ്‌സ് ബുക്ക് വ്യക്തമാക്കിയിരുന്നു. അത്തരത്തില്‍ പോസ്റ്റുകള്‍ക്കെതിരെ നടപടി എടുത്തതില്‍ പിഴവ് പറ്റിയിരിക്കുകയാണ് ഫെയ്‌സ് ബുക്കിന്. കൊവിഡ്19 സംബന്ധിച്ച അംഗീകൃതമായ വിവരങ്ങള്‍ പങ്കുവച്ച പോസ്റ്റുകള്‍ ഫെയ്‌സ് ബുക്ക് കമ്യൂണിറ്റി സ്റ്റാന്റേര്‍ഡിന് വിരുദ്ധമെന്ന് പറഞ്ഞ് നീക്കം ചെയ്യപ്പെട്ട പ്രശ്‌നത്തിലാണ് ഫെയ്‌സ് ബുക്ക് വിശദീകരണം നല്‍കുന്നത്.

നിരവധി മുന്‍നിര സൈറ്റുകളുടെ ലിങ്കുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഫെയ്‌സ് ബുക്ക് നീക്കം ചെയ്തത്. ബസ്ഫീഡ്, ഹഫിംങ്ടണ്‍ പോസ്റ്റ്, അറ്റ്‌ലാന്റിക്, ടൈംസ് ഓഫ് ഇസ്രയേല്‍ പോലുള്ള സൈറ്റുകളുടെ കൊറോണ സംബന്ധിച്ച് ഷെയര്‍ ചെയ്ത പോസ്റ്റുകള്‍ എല്ലാം തന്നെ നിയമവിരുദ്ധമെന്നാണ് ഫെയ്‌സ് ബുക്കിന്റെ കണ്ടെത്തല്‍. കൊറോണയെ പ്രതിരോധിക്കേണ്ട മാര്‍ഗ്ഗങ്ങളും, അത് സംബന്ധിച്ച വാര്‍ത്തകളുമാണ് ഫെയ്‌സ് ബുക്ക് നീക്കം ചെയ്തതെന്നാണ് വിമര്‍ശനം.

അതേ സമയം ഈ വിഷയം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഫെയ്‌സ് ബുക്ക് വൈസ് പ്രസിഡന്റ് ഗെയ് റോസണ്‍ പറഞ്ഞു. ഇത് ഞങ്ങളുടെ വര്‍ക്ക് ഫ്‌ളോയിലെ പ്രശ്‌നമാണെന്ന വാദം ശരിയല്ലെന്നും ഈ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കി. എന്തായാലും ഈ വിഷയത്തില്‍ ഫെയ്‌സ് ബുക്കിനെതിരെ വലിയ പ്രതിഷേധം ട്വിറ്ററിലും മറ്റും നടക്കുകയാണ്.

Top