ഫെയ്‌സ് ബുക്കിന്റെ കരാര്‍ ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം; അതും മുഴുവന്‍ ശമ്പളത്തോടു കൂടി

സാന്‍ഫ്രാന്‍സിസ്‌കോ: കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ എല്ലാ ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്ന് എല്ലാ കമ്പനികളും നിര്‍ദേശിച്ചിരുന്നു. അതേസമയം തങ്ങളുടെ മുഴുവന്‍ ജീവനക്കാര്‍ക്കും ആറു മാസത്തേക്ക് ബോണസ് നല്‍കാന്‍ ഫെയ്‌സ് ബുക്കും തീരുമാനിച്ചു. ഇപ്പോഴിതാ കണ്ടന്റ് മോഡറേറ്റര്‍മാരായ കരാര്‍ ജീവനക്കാര്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവാദം നല്‍കിയിരിക്കുകയാണ് ഫെയ്‌സ്ബുക്ക്. മുഴുവന്‍ ശമ്പളത്തോടു കൂടിയാണ് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചത്.

എല്ലാ ജീവനക്കാര്‍ക്കും ആറ് മാസത്തെ കുറഞ്ഞ ബോണസ് ലഭിക്കുമെന്ന് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പുറത്തിറക്കിയ മെമ്മോയിലാണ് അറിയിച്ചത്. എന്നാല്‍ ഈ പ്രത്യേക ആനുകൂല്യം കരാര്‍ ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ചിരുന്നില്ല. 5,000 കണ്ടന്റ് മോഡറേറ്റര്‍മാരാണ് ഫെയ്‌സ് ബുക്കിനുള്ളത്. ഫെയ്‌സ് ബുക്കിന്റെ സോഫ്റ്റ് വെയറോ ഉപയോക്താക്കളോ ചൂണ്ടിക്കാണിക്കുന്ന പോസ്റ്റുകള്‍ വിലയിരുത്തി നടപടി സ്വീകരിക്കുകയാണ് ഇവരുടെ ജോലി.

കൊവിഡ് 19 പ്രതിസന്ധി നിലനില്‍ക്കെ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് ഫെയ്‌സ് ബുക്കിന്റെ തീരുമാനം. പൊതുജനാരോഗ്യം മെച്ചപ്പെടുന്നത് വരെ വര്‍ക്ക് ഫ്രം ഹോം തുടരുമെന്ന് ഫെയ്‌സ് ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.

Top