കൊറോണ വൈറസ് വായുവില്‍ മണിക്കൂറോളം നില്‍ക്കും; പെട്ടെന്ന് നശിക്കില്ലെന്ന് പുതിയ പഠനം

കൊറോണ വൈറസ് മറ്റ് വൈറസുകളെപ്പോലെ പെട്ടെന്ന് നശിക്കില്ലെന്ന് പുതിയ പഠനം. ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സാര്‍സ് വൈറസിന് തുല്യമായാണ് കൊറോണ വൈറസിനെ താരതമ്യം ചെയ്തത്. സാര്‍സും കൊറോണയും തമ്മില്‍ അടുത്ത സാമ്യതയുണ്ടെന്നും പഠനം പറയുന്നു. ഇതോടെ ആശങ്കയിലായിരിക്കുകയാണ് ജനങ്ങള്‍.

മറ്റ് വൈറസുകളെപ്പോലെ കോറോണവൈറസ് പെട്ടെന്ന് നശിക്കില്ലെന്നും വായുവില്‍ മൂന്ന് മണിക്കൂറോളം വൈറസുകള്‍ സജീവമാകുമെന്നുമാണ് കണ്ടെത്തല്‍. ചെമ്പ് പ്രതലത്തില്‍ നാല് മണിക്കൂറും, കാര്‍ബോര്‍ഡില്‍ 24 മണിക്കൂറും പ്ലാസ്റ്റിക്, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവയില്‍ മൂന്ന് ദിവസത്തോളവും കൊറോണവൈറസ് സജീവമാകുമെന്ന് പഠനം പറയുന്നു. കൊറോണയുടെ ഉത്ഭവം സംബന്ധിച്ച് ശാസ്ത്ര ലോകത്തിനിടയില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. സാര്‍സ് രോഗം 8000 പേരുടെ മരണത്തിനാണ് കാരണമായിരുന്നത്.

വൈറസ് ബാധിച്ചാല്‍ പെട്ടെന്ന് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതിരിക്കുകയും രോഗലക്ഷണങ്ങളില്ലാത്തവരില്‍ നിന്നും മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നതുമാണ് ആരോഗ്യമേഖലയുടെ പ്രധാന ഭീഷണി. വൈറസ് ബാധയേറ്റാല്‍ തന്നെ രണ്ടാഴ്ചയോളം പ്രാഥമിക ലക്ഷണങ്ങള്‍ കാണിക്കില്ലെന്നും പഠനം പറയുന്നു. മരുന്നോ വാക്സിനോ കണ്ടെത്തും വരെ കടുത്ത മുന്‍കരുതലുകളും ശുചിത്വവും പാലിക്കുകയാണ് വൈറസ് ബാധയേല്‍ക്കാതിരിക്കാനുള്ള പ്രധാന മാര്‍ഗം. ലോകത്താകമാനം കൊവിഡ് 19 മരണം വ്യാപിക്കുകയാണ്.

Top