ദേശ സുരക്ഷ; വാവേയ്ക്ക് പിന്നാലെ ടിക് ടോക്കിനും നിയന്ത്രണം ഏര്‍പ്പെടുത്തി അമേരിക്ക

ചൈനീസ് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിന് അമേരിക്കയില്‍ നിയന്ത്രണം. അമേരിക്കന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് ഭരണകൂടവുമായി പങ്കുവെക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഫോണുകളില്‍ ടിക് ടോക്ക് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത് നിരോധിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ബില്‍ അവതരിപ്പിച്ചിരിക്കുകയാണ് രണ്ട് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍. ദേശ സുരക്ഷയില്‍ ആശങ്ക ഉയര്‍ത്തിയാണ് ജോള് ഹാവ്ലി, റിക്ക് സ്‌കോട്ട് എന്നീ സെനറ്റര്‍മാര്‍ ബില്‍ അവതരിപ്പിച്ചത്. അമേരിക്കയിലെ യുവാക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ച ടിക് ടോക്ക് ഏറെ നാളുകളായി അമേരിക്കയില്‍ സംശയ നിഴലിലാണ്.

ചാരവൃത്തി, ദേശ സുരക്ഷ തുടങ്ങിയ ആശങ്കകള്‍ ഉന്നയിച്ച് ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്റായ വാവേയ്ക്കെതിരെ അമേരിക്ക വാണിജ്യ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് ടിക് ടോക്കിനും അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോവുന്നത്. വാവേയുമായി വാണിജ്യ ഇടപാടുകളിലേര്‍പ്പെടുന്നതിന് അമേരിക്കന്‍ കമ്പനികള്‍ക്ക് ഇപ്പോഴും കര്‍ശന നിയന്ത്രണമാണുള്ളത്.

ഹ്രസ്വ വീഡിയോകള്‍ പങ്കുവെക്കുന്ന ടിക് ടോക്ക് അമേരിക്കയില്‍ അതിവേഗമാണ് സ്വീകാര്യത നേടിയത്. അതേസമയം അമേരിക്കന്‍ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ മ്യൂസിക്കലിയെ ഏറ്റെടുത്ത ടിക് ടോക്ക് ഉടമ ബൈറ്റ്ഡാന്‍സിനെതിരെ അമേരിക്ക കഴിഞ്ഞ നവംബറില്‍ അന്വേഷണം ആരംഭിച്ചിരുന്നു.

Top