1990 ന് ശേഷം വീണ്ടും വലിയൊരു തുക നാസയ്ക്ക് വേണ്ടി നീക്കിവെച്ച് അമേരിക്ക

നാസയ്ക്ക് വേണ്ടി വലിയൊരു തുക നീക്കിവെക്കാനൊരുങ്ങി അമേരിക്ക. 2021 ല്‍ നാസയ്ക്ക് വേണ്ടി 2520 കോടി ഡോളര്‍ നീക്കിവെക്കാന്‍ വൈറ്റ് ഹൗസ് യു.എസ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

നാസയ്ക്ക് വേണ്ടി ദശാബ്ദത്തിലെ ഏറ്റവും വലിയ തുകയാണ് അമേരിക്ക നീക്കിവെക്കുന്നത്. ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ എത്തിക്കുക ചൊവ്വയിലേക്ക് മനുഷ്യനെ അയക്കുക തുടങ്ങിയ ദൗത്യങ്ങള്‍ മുന്നില്‍ കണ്ടാണ് ഈ നടപടി. ഇതോടെ 12 ശതമാനമായാണ് നാസയുടെ ബജറ്റ് വര്‍ധിക്കാന്‍പോവുന്നത്. ലൂണാര്‍ ലാന്‍ഡറുകള്‍ നിര്‍മിക്കുക, റോബോട്ടിക് റോവറുകള്‍ നിര്‍മിക്കുക, വലിയ ഭാരം വഹിക്കുന്ന റോക്കറ്റുകള്‍ നിര്‍മിക്കുക, പുതിയ സ്പേസ് സ്യൂട്ടുകള്‍ വികസിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ ബജറ്റ് വിഹിതത്തിന് പിന്നിലുള്ളത്.

1990 ന് ശേഷം ഇത്രയും വലിയ തുക നാസയ്ക്ക് വേണ്ടി നീക്കി വെക്കുന്നത് ഇത് ആദ്യമാണ്. 2024 ല്‍ മനുഷ്യനെ വീണ്ടും ചന്ദ്രനിലയക്കാനും അടുത്ത ദശാബ്ദത്തോടെ ചൊവ്വയിലേക്ക് മനുഷ്യനെ എത്തിക്കാനുമുള്ള പദ്ധതികളാസൂത്രണം ചെയ്യാന്‍ ട്രംപ് ഭരണകൂടം നാസയോട് നിര്‍ദേശിച്ചിരുന്നു. പദ്ധതിയ്ക്കായി വരുന്ന അഞ്ച് വര്‍ഷങ്ങളില്‍ ബജറ്റ് നിരക്ക് ഉയരുമെന്നും 2023 ല്‍ അത് 2830 കോടി ഡോളര്‍ എന്ന നിരക്കില്‍ എത്തുമെന്നുമാണ് കണക്കാക്കപ്പെടുന്നത്.

Top