താപനില ഉയരുമ്പോൾ വിമാനങ്ങൾ പറന്നുയരാൻ പ്രയോഗിക്കുന്ന ‘ടെക്നിക്കുകൾ’

താപനില ഉയരുന്നത് വ്യോമയാന മേഖലയെയും ബാധിക്കും. വിമാനങ്ങളുടെ സമയക്രമം മാറ്റുന്നതിനും ചിലപ്പോൾ യാത്ര തന്നെ റദ്ദാക്കേണ്ടി വരുന്നതിനും ഉയർന്ന താപനില കാരണമാകും.

താപനില ഉയരുന്നതോടെ അന്തരീക്ഷത്തിന്റെ സാന്ദ്രത കുറയും ഇത് വിമാനച്ചിറകുകളുടെ ഭാരനിയന്ത്രണ ശേഷിയെ പ്രതികൂലമായി ബാധിക്കും. ടേക്ക് ഓഫിനായി കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരും. പറന്നുയരുന്ന ദൂരം വർധിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, വിമാനങ്ങൾക്കു ഭാര നിയന്ത്രണങ്ങൾ വേണ്ടി വരും.

താപനില ഉയരുന്നതോടെ കാറ്റിന്റെ വേഗം കുറയുകയും ദിശ മാറുകയും ചെയ്യും. ഇത് ലാൻഡിങ്, ടേക്ക് ഓഫ് എന്നിവയ്ക്കു വേണ്ടിവരുന്ന ദൂരത്തെ ബാധിക്കും. കാറ്റ് ദുർബലമായാൽ, റൺവേയിലൂടെ കൂടുതൽ ദൂരം സഞ്ചരിച്ചാൽ മാത്രമേ വിമാനത്തിന് സുരക്ഷിതമായി ലാൻഡിങ്, ടേക്ക് ഓഫ് എന്നിവ സാധ്യമാകൂ. അല്ലാത്തപക്ഷം വിമാനത്തിനുള്ളിലെ ഭാരം കുറച്ച് പ്രതിസന്ധി മറികടക്കുന്നതിന് ശ്രമിക്കും.

കാറ്റിന്റെ ഗതിയിലെ മാറ്റങ്ങൾ എയർ ടർ‌ബുലൻസ് (വിമാന യാത്രയിൽ അനുഭവപ്പെടുന്ന കുലുക്കം) വർധിക്കുന്നതിന് കാരണമാകും. ഇത്തരം പ്രതിസന്ധി മറികടക്കുന്നതിന് വിമാനത്തിലെ ഭാര നിയന്ത്രണങ്ങള്‍ ശക്തമാക്കണമെന്ന അഭിപ്രായങ്ങൾ വിദഗ്ധരിൽ നിന്നും ഉയരുന്നുണ്ട്.

‘‘ചൂടുള്ള വായുവിന് സാന്ദ്രത കുറവാണ്. വേഗം കൂട്ടുന്നതിന് വിമാന എൻജിന് ഇത് തടസ്സമാണ്. പറന്നുയരുന്നതിന് കാറ്റും വിമാനത്തിന് ആവശ്യമായ ഘടകമാണ്. അതിലെ വ്യതിയാനങ്ങള്‍ക്ക് അനുസരിച്ച് മാറ്റം വരുത്തിയാൽ മാത്രമേ സുരക്ഷിത യാത്ര സാധ്യമാകൂ. ഇതു കൊണ്ടാണ് യുഎഇ പോലെ ചൂട് കൂടിയ രാജ്യങ്ങളിൽ സാധാരണയിലും നീളമുള്ള റൺവേകൾ നിർമിച്ചിരിക്കുന്നത്. മാത്രമല്ല ഇത്തരം രാജ്യങ്ങളിൽ കൂടുതൽ വിമാനങ്ങളും പുറപ്പെടുന്ന സമയം രാവിലെയും വൈകുന്നേരവുമായി ക്രമീകരിച്ചിരിക്കുന്നതും ഇതു കൊണ്ടാണ്.’’ അമേരിക്കയിൽ പൈലറ്റായി ജോലി ചെയ്യുന്ന യോഹാൻ ജോജോ പറഞ്ഞു. മനോരമ ഓൺലൈനിനോടാണ് പ്രതികരണം.

കഴിഞ്ഞ വർഷം അമേരിക്കയിൽ വേനൽക്കാലത്ത് ഷെഡ്യൂൾ ചെയ്ത വിമാനങ്ങളുടെ 23 ശതമാനത്തിനും സമയം മാറ്റി ക്രമീകരിക്കേണ്ടത് വന്നതും ചൂട് കൂടിയത് കൊണ്ടാണ്. ചുറ്റുമുള്ള വായു കൂടുതൽ ചൂടും ഈർപ്പവുമുള്ളതാകുമ്പോൾ വിമാനത്തിന്റെ എൻജിന്റെയും എയർഫോയിലിന്റെയും പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇതിനെ മറികടക്കാനുള്ള ഗവേഷണങ്ങൾ നടക്കുകയാണെന്നും വ്യോമയാന വിദഗ്ധർ പറയുന്നു.

Top