സാങ്കേതിക തകരാര്‍; സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം റഷ്യയില്‍ ഇറക്കി

ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പറന്ന എയര്‍ ഇന്ത്യയുടെ നോണ്‍ സ്റ്റോപ് വിമാനം റഷ്യയില്‍ ഇറക്കി. എഞ്ചിനിലെ സാങ്കേതിക തകരാറ് മൂലമാണ് റഷ്യയിലെ മാഗദാനില്‍ വിമാനം അടിയന്തരമായി ഇറക്കിയതെന്നാണ് എയര്‍ ഇന്ത്യ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.

216 യാത്രക്കാരും 16 ജീവനക്കാരുമായി പറന്ന എഐ 173 വിമാനമാണ് റഷ്യയില്‍ ഇറക്കിയത്. ഇവരെ സുരക്ഷിത ഇടങ്ങളില്‍ താമസിപ്പിച്ചതായി കുറിപ്പില്‍ വ്യക്തമാക്കുന്നു. റഷ്യന്‍ തലസ്ഥാന നഗരിയായ മോസ്‌കോയില്‍ നിന്ന് 10,000 കിലോമീറ്റര്‍ ദൂരത്തിലാണ് നിലവില്‍ യാത്രക്കാരുള്ളത്. വിമാനത്താവളത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ പ്രതിസന്ധിയും യാത്രക്കാര്‍ നേരിടുന്നുണ്ട്.

എല്ലാവരേയും താമസിപ്പിക്കാന്‍ തക്കതായ ഹോട്ടലുകളും മറ്റും സൗകര്യങ്ങളും ഇല്ലാത്തതുകൊണ്ട് പ്രാദേശിക സര്‍ക്കാരിന്റെ സഹായത്തോടെ ഡോര്‍മറ്ററികളിലും തൊട്ടടുത്തുള്ള സ്‌കൂള്‍ കെട്ടിടങ്ങളിലുമാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നതെന്ന് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സംഭവത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. ഒപ്പം തന്നെ, യാത്രക്കാര്‍ക്ക് ആവശ്യമായി ഭക്ഷണവും മറ്റു പ്രാഥമികാവശ്യങ്ങള്‍ക്കുവേണ്ട സാധനങ്ങളുമായി മുംബൈയില്‍ നിന്ന് മറ്റൊരു വിമാനം റഷ്യയിലേക്ക് ഒരു മണിയോടു കൂടി തിരിക്കുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. നിലവില്‍ വിമാനത്തിന്റെ തകരാര്‍ സംബന്ധിച്ചുള്ള പരിശോധനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

അമേരിക്കന്‍ പൗരന്മാരും വിമാനത്തില്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ എത്ര പേര്‍ വിമാനത്തില്‍ ഉണ്ട് എന്ന കാര്യ വ്യക്തമല്ലെന്ന് വൈറ്റ് ഹൗസ് വക്താവ് വേദാന്ത് പട്ടേല്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് നിരന്തരം സൂക്ഷ്മമായി വീക്ഷിച്ചു വരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top