തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആവശ്യമെങ്കില്‍ എഴുന്നള്ളിക്കാമെന്ന് എ ജിയുടെ നിയമോപദേശം

തൃശൂര്‍: വിവാദങ്ങള്‍ക്കൊടുവില്‍ ജരാജന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂര വിളംബരത്തിന് എഴുന്നള്ളിക്കാമെന്ന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം. കര്‍ശന ഉപാധികളോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അനുമതി നല്‍കേണ്ടതെന്ന് എ.ജി സി.പി സുധാകര പ്രസാദ് സര്‍ക്കാരിനെ അറിയിച്ചു.

ആനയ്ക്ക് പ്രകോപനം ഉണ്ടാക്കുന്ന രീതിയിലുള്ള ഒരു കാര്യങ്ങളും അനുവദിക്കരുതെന്നും ജനങ്ങള്‍ ആനയുമായി നിശ്ചിത അകലം പാലിക്കണമെന്നും നിയമോപദേശത്തില്‍ പറയുന്നു. അപകടം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നേരത്തെ എടുക്കണമെന്നും അപകടം ഉണ്ടായാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് ഉറപ്പ് വരുത്തണമെന്നും എ.ജിയുടെ നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.

അതേസമയം, തൃശൂര്‍ പൂരത്തിന്റെ എഴുന്നള്ളിപ്പില്‍ നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയ സംഭവത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി ഇന്ന് അറിയിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുള്ളതും അപകടകാരിയുമായ ആനയെ പൂരം എഴുന്നള്ളിപ്പില്‍ നിന്ന് ഒഴിവാക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിലപാടിനെ ചോദ്യം ചെയ്ത് നെയ്തലക്കാവ് ദേവസ്വം നല്‍കിയ ഹര്‍ജിയിലാണ് കോടതി ഈ നിലപാട് എടുത്തത്.

Top