കേരളത്തില്‍ പബ്ബുകള്‍ തുടങ്ങാത്തതില്‍ ടെക്കികള്‍ക്ക് അതൃപ്തി

കൊച്ചി: കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ പബ്ബുകളും വൈന്‍ പാര്‍ലറുകളും എത്താന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. 2021ലെ നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ പബ്ബ് കൊണ്ടുവരാനുള്ള ആലോചന പങ്കുവെച്ചത്. ഈ വാഗ്ദാനം സമീപകാലത്ത് യാഥാര്‍ത്ഥ്യമാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് എക്‌സൈസ് വകുപ്പില്‍ നിന്ന് ലഭിക്കുന്ന വിവരം.2022-23 വര്‍ഷങ്ങളിലെ മദ്യനയം അനുസരിച്ചാണ് ഐടി പാര്‍ക്കുകളില്‍ പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങളില്‍ മദ്യം വിതരണം ചെയ്യുകയെന്നാണ് ഒടുവിലായി മുഖ്യമന്ത്രി പറഞ്ഞത്. ഇതിനുള്ള ലൈസന്‍സ് നല്‍കുന്നതിന് അബ്കാരി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്താനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത് അത്ര എളുപ്പമല്ലെന്നാണ് നിയമവിദഗ്ധരും അധികൃതരും ചൂണ്ടിക്കാട്ടുന്നത്. മദ്യനയത്തില്‍ നിരവധി വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നും നിലവിലുള്ള എക്‌സൈസ് നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ടതുണ്ടെന്നും എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

സാമൂഹികമായ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകളുണ്ടെന്ന് വ്യക്തമാക്കി 2021ല്‍ കേരളത്തിലെ ഐടി സ്ഥാപനങ്ങള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജീവനക്കാര്‍ക്ക് റിലാക്‌സ് ചെയ്യാനും ഒഴിവുസമയം ആസ്വദിക്കാനുമുള്ള പരിമിതികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. കൊവിഡിന്റെ ഭീതി അവസാനിച്ചതിന് ശേഷം അന്തിമ തീരുമാനം എടുക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.ഐടി പാര്‍ക്ക് – പബ്ബ് വൈകുന്നതില്‍ അസംതൃപ്തരാണ് ടെക്കികളില്‍ വലിയൊരു വിഭാഗവും. ‘പബ്ബുകള്‍ തുടങ്ങിയാല്‍ ഐടി പാര്‍ക്കുകളുടെ വരുമാനത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടാകും. എന്നാല്‍ 2021 ലെ നടപടികള്‍ക്ക് ശേഷം ഒരു തുടര്‍നടപടിയും ഉണ്ടായിട്ടില്ല.’ ഇന്‍ഫോ പാര്‍ക്ക് ഉദ്യോഗസ്ഥനായ എല്‍ദോ ചിറക്കച്ചാലില്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ‘കേരളത്തിലെ ഐടി ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും യുവാക്കളാണ്. അവര്‍ക്ക് പബ്ബ് അടക്കമുള്ള സാമൂഹിക ആവാസ വ്യവസ്ഥകള്‍ ആവശ്യമാണ്. കേരളത്തിലെ ഐടി മേഖലയില്‍ സാമൂഹിക അടിസ്ഥാനസൗകര്യങ്ങള്‍ ഇപ്പോഴും കുറവാണ്. നമുക്ക് ബിസിനസ് മീറ്റിങ്ങുകള്‍ നടത്തുന്നതിന് ഇപ്പോഴും നല്ല സ്ഥലങ്ങള്‍ ഇല്ല’ സംരഭകന്‍ കൂട്ടിച്ചേര്‍ത്തു.

Top