ലോകത്തെ 10 ടെക് കോടീശ്വരന്‍മാരില്‍ മുകേഷ് അംബാനിയും

പെട്രോകെമിക്കല്‍ മേഖലയില്‍ നിന്ന് ടെക്‌നോളജി മേഖലയിലേക്കും ശ്രദ്ധപതിപ്പിക്കാന്‍ തനിക്കു തോന്നിയ നിമിഷത്തെക്കുറിച്ചോര്‍ത്ത് റിലയന്‍സ് മേധാവി മുകേഷ് അംബാനി സ്വയം പുറത്തുതട്ടി അനുമോദിക്കുന്നുണ്ടാകും. കാരണം ഇപ്പോള്‍ അദ്ദേഹം ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ്. മഹാമാരി സാധാരണ ജനങ്ങളുടെ ജീവിതം ദുരിതത്തിലാഴ്ത്തിയെങ്കിലും ടെക്‌നോളജി മേഖലയിലെ അതിസമ്പന്നര്‍ക്ക് ഈ കാലയളവിൽ പോലും കുതിച്ചുകയറ്റമാണ് സമ്മാനിച്ചത്. ഫോര്‍ബ്‌സ് മാസികയാണ് കോടീശ്വരൻമാരുടെ പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്.

ശതകോടീശ്വരൻമാരുടെ പട്ടികയിലേക്ക് മഹാമാരിയുടെ കാലയളവില്‍ എത്തിയിരിക്കുന്നത് 493 പുതുമുഖങ്ങളാണ്. ഇവരുടെ കൈകളിലേക്ക് അധികമായി എത്തുന്നത് 5 ട്രില്ല്യന്‍ ഡോളര്‍ ആണെന്നാണ് കണക്കുകള്‍ പറയുന്നത്. ആമസോണ്‍ മേധാവി ജെഫ് ബെസോസിന്റെ മാത്രം സമ്പത്ത് മഹാമാരിയുടെ ഒരു വര്‍ഷ കാലയളവില്‍ വർധിച്ചത് 64 ബില്ല്യന്‍ ഡോളറാണ്.

Top