ധ്രുവ് വിക്രം നായകനാകുന്ന ആദിത്യ വര്‍മ;ടീസര്‍ കാണാം

ചിയാങ് വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം നായകനാകുന്ന ആദിത്യ വര്‍മ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.വിജയ് ദേവരകൊണ്ട നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പാണ് ആദിത്യ വര്‍മ. ധ്രുവ് വിക്രമിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.

ഗിരീസായ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗിരീശായയുടെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം.തമിഴകത്തെ മുന്‍നിര സംവിധായകനായ ബാലയെ ഈ പ്രോജക്ടില്‍ നിന്നും നീക്കിയാണ് ചിത്രം ഗിരീസായയെ ഏല്‍പിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നതിനിടെയാണ് നിര്‍മാതാക്കളായ ഇ4 എന്റര്‍ടെയ്ന്‍മെന്റ്സ് ചിത്രത്തെ കുറിച്ചുള്ള അതൃപ്തി ബാലയെ അറിയിക്കുന്നതും പിന്നീട് അദ്ദേഹം സ്വയം പിന്മാറുന്നതും.

മികച്ച പ്രതികരണമാണ് പുതിയ ടീസറിന് ലഭിക്കുന്നത് . ആദ്യത്തേക്കാള്‍ ഏറെ മികച്ച ടീസര്‍ ആണ് ആദിത്യര്‍ വര്‍മയുടേതെന്നും അര്‍ജുന്‍ റെഡ്ഡിയോട് ചിത്രം നീതി പുലര്‍ത്തുന്നുവെന്നും ആരാധകര്‍ പറയുന്നു. ധ്രുവിന്റെ പ്രകടനവും ഗംഭീരമായെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

ബനിത സന്ധു ആണ് ചിത്രത്തിലെ നായിക.റെയ്സ അവതരിപ്പിച്ച കഥാപാത്രമായി തെന്നിന്ത്യന്‍ നടി പ്രിയ ആനന്ദാണ് സ്‌ക്രീനിലെത്തുക.അര്‍ജുന്‍ റെഡ്ഢിയുടെ സംഗീത സംവിധായകന്‍ രഥന്‍ തന്നെ ആദിത്യവര്‍മയിലെ ഗാനങ്ങള്‍ക്കും ഈണം പകരുന്നത്.

മേഘ ചൗധരി, ഈശ്വരി റാവു, റെയ്സാ വില്‍സണ്‍, ആകാശ് പ്രേം കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.

ഹിന്ദിയിലും ചിത്രം റീമേക്ക് ചെയ്യുന്നുണ്ട്. സന്ദീപ് റെഡ്ഡി തന്നെ സംവിധായകനാകുന്ന സിനിമയില്‍ ഷാഹിദ് കപൂര്‍ ആണ് നായകന്‍. കബീര്‍ സിങ് എന്നാണ് ഹിന്ദിയില്‍ സിനിമയുടെ പേര്. കിയാര അഡ്വാനി നായികയാകുന്നു.

Top