തുടരണമെന്നുണ്ടായിരുന്നു പക്ഷേ സാധിക്കില്ല; നിറ കണ്ണുകളോടെ വിരമിക്കല്‍ പ്രഖ്യാപിച്ച് ആന്‍ഡി മറെ

മെല്‍ബണ്‍: മുന്‍ ലോക ഒന്നാം ടെന്നിസ് താരവും മൂന്നു തവണ ഗ്രാന്‍ഡ്സ്ലാം ജേതാവുമായ ആന്‍ഡി മറെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കാനൊരുങ്ങുന്നു. തുടര്‍ച്ചയായി വേട്ടയാടുന്ന പരിക്കാണ് ബ്രിട്ടീഷ് താരത്തെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചത്.

ഈ മാസം ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിന് മുന്നോടിയായി വെള്ളിയാഴ്ച മെല്‍ബണില്‍ മാധ്യമങ്ങളെ കാണവെ നിറകണ്ണുകളോടെയാണ് മറെ വിരമിക്കല്‍ തീരുമാനം അറിയിച്ചത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ തന്റെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്ന് മറെ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പരിക്ക് കാരണം മറെയ്ക്ക് പിന്‍വാങ്ങേണ്ടി വന്നിരുന്നു. ഇടുപ്പിലെ ശസ്ത്രക്രിയക്കു ശേഷം ഇക്കഴിഞ്ഞ ജൂണിലാണ് മറെ മടങ്ങിയെത്തിയത്. അതിന് ശേഷവും താരത്തെ പരിക്ക് വലച്ചു. വിമ്പിള്‍ഡണ്‍ വരെ തുടരണമെന്നുണ്ടായിരുന്നെങ്കിലും അതിന് സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് വികാരാധീനനായി താരം മാധ്യമങ്ങളോട് പറഞ്ഞു.

2012ല്‍ 76 വര്‍ഷങ്ങള്‍ക്കു ശേഷം യു.എസ്. ഓപ്പണ്‍ കിരീടം നേടുന്ന ബ്രിട്ടീഷ് താരമെന്ന നേട്ടം സ്വന്തമാക്കിയയാളാണ് മറെ.1936ല്‍ ഫ്രെഡ്‌പെറിയാണ് യു.എസ്. ഓപ്പണ്‍ നേടിയത്. ഇതിന് ശേഷം ഒരു ഇംഗ്ലീഷ്താരവും ഗ്ലാന്‍ഡ്സ്ലാം നേടിയിരുന്നില്ല. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഫെഡററെ തോല്‍പ്പിച്ച് സ്വര്‍ണം നേടുകയും ചെയ്തു. 500 വിജയങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ ബ്രിട്ടീഷ് ടെന്നിസ് താരമെന്ന നേട്ടം 2015ല്‍ മറെ സ്വന്തമാക്കിയിരുന്നു. 1968 മുതലുള്ള ഓപ്പണ്‍ കാലത്തിനുശേഷം ഈ നേട്ടം കൈവരിക്കുന്ന 46ാമത്തെ താരമായിരുന്നു മറെ. സ്‌കോട്ട്‌ലന്‍ഡിലായിരുന്നു മറെയുടെ ജനനം.

Top