കശ്മീരില്‍ വന്‍ പ്രതിഷേധം; തെരുവിലിറങ്ങി പതിനായിരങ്ങള്‍

ശ്രീനഗര്‍: കശ്മീര്‍ വിഭജനത്തിന്റെയും 370-ാം വകുപ്പ് എടുത്തുകളഞ്ഞതിന്റെയും പശ്ചാത്തലത്തില്‍ കശ്മീരില്‍ വന്‍ പ്രതിഷേധം. പതിനായിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പ്രതിഷേധക്കാര്‍ക്കുനേരെ സൈന്യം പെല്ലറ്റ് തോക്കുകള്‍ പ്രയോഗിച്ചു.

ശ്രീനഗറിലെ സൗറയിലാണ് പ്രതിഷേധക്കാര്‍ ഒത്തുചേര്‍ന്നത്. അഞ്ചു ദിവസം മുന്‍പ് പ്രതിഷേധത്തെ തുടര്‍ന്ന് ഈ പ്രദേശത്ത് കര്‍ശന നിയന്ത്രണമായിരുന്നു ഏര്‍പ്പെടുത്തിയത്. വെള്ളിയാഴ്ചത്തെ പ്രാര്‍ഥനകള്‍ക്കുശേഷമാണ് വീണ്ടും പതിനായിരങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നത്. പ്രദേശത്തെ മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ അടക്കം വാര്‍ത്താ വിനമയ സംവിധാനമെല്ലാം റദ്ദാക്കിയിരിക്കുകയാണ്.

പ്രതിഷേധം വ്യാപകമാകുന്നതിനെ തുടര്‍ന്ന് കൂടുതല്‍ സൈനികരെ പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. കശ്മീരില്‍ അഞ്ഞൂറോളം രാഷ്ട്രീയ നേതാക്കളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് തങ്ങളെ ഇരുവശത്തുനിന്നും ആക്രമിക്കുകയായിരുന്നു എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

Top