സംവിധായകന്‍ ബിനീഷ് കളരിക്കലിന് ക്രിസ്മസ് സമ്മാനവുമായ് ‘പഴഞ്ചന്‍ പ്രണയ’ത്തിന്റെ ടീം

സിനിമകള്‍ വന്‍ വിജയം നേടുമ്പോള്‍ നിര്‍മ്മാതാക്കള്‍ സംവിധായകര്‍ക്കും നായകന്മാര്‍ക്കും സമ്മാനങ്ങള്‍ നല്‍കുന്നത് അന്യഭാഷയില്‍ സ്ഥിരം കാഴ്ചയാണ് മലയാള സിനിമയില്‍ ഇത് അത്ര പതിവില്ലാത്തതാണ്. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ എഴുതി അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത ഗരുഡന്‍ എന്ന ചിത്രം ഗംഭീര വിജയമായപ്പോള്‍ ലാഭവിഹിതത്തില്‍ നിന്നും വിലപിടിപ്പുള്ളൊരു കാര്‍ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ സംവിധായകന്‍ അരുണ്‍ വര്‍മ്മയ്ക്ക് സമ്മാനമായി നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അതിന് തുടര്‍ച്ചയായി മറ്റൊരു മലയാള സിനിമയുടെ വിജയം സംവിധായകന് സമ്മാനം നല്‍കി ആഘോഷിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

റോണി ഡേവിഡ് രാജ്, വിന്‍സി അലോഷ്യസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തി കഴിഞ്ഞ മാസം തിയേറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു ‘പഴഞ്ചന്‍ പ്രണയം’. ഒരു ഫീല്‍ ഗുഡ് എന്റര്‍ടൈനറായ ‘പഴഞ്ചന്‍ പ്രണയം ‘ നിര്‍മ്മിച്ചത് ഇതിഹാസ മൂവിസിന്റെ ബാനറില്‍ വൈശാഖ് രവി, സ്റ്റാന്‍ലി ജോഷ്വാ എന്നിവര്‍ ചേര്‍ന്നായിരുന്നു. ഇതിഹാസ, സ്‌റ്റൈല്‍, കാമുകി എന്നി ചിത്രങ്ങള്‍ ഒരുക്കിയ ബിനു എസ് ആയിരുന്നു ചിത്രത്തിന്റെ ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍. തിയേറ്ററില്‍ നിന്നു മികച്ച പ്രതികരണങ്ങള്‍ നേടിയ ചിത്രം കൂടിയായിരുന്നു ഇത്.

ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകന്‍ ബിനീഷ് കളരിക്കലിന് ‘പഴഞ്ചന്‍ പ്രണയം’ ടീം നല്‍കിയ അപ്രതീക്ഷിത ക്രിസ്മസ് സമ്മാനം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കുകയാണ്. ഒരു ക്ലാസിക് 350 ബുള്ളറ്റ് ആണ് സംവിധായകന് നിര്‍മ്മാതാക്കള്‍ നല്‍കിയത്. ഇതേപ്പറ്റി സംവിധായകന്‍ ബിനീഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്.

ബിനീഷിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്

‘HAPPY X’ MAS To ALL….
‘പഴഞ്ചന്‍ പ്രണയം’ 2023 എനിക്ക് ഏറ്റവും പ്രിയപ്പെട്ട വര്‍ഷം, ഇത്രയും വലിയ തുടക്കം ലഭിച്ചത് എന്റെ വലിയ ഭാഗ്യമായി കരുതുന്നു. എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഒരു സിനിമ, അതുപോലെ എന്റെ ഭാര്യയുടെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു ഒരു ബുള്ളറ്റ്. ഇത് രണ്ടും യാഥാര്‍ഥ്യമായത് ഈ വര്‍ഷമാണ്. അതിന് കാരണമായത് എന്റെ ഇടതു വശത്തു നില്‍ക്കുന്നവരാണ് ബിനു എസ്, വൈശാഖ് രവി ഫ്രയ്മില്‍ ഇല്ലാത്ത സ്റ്റാന്‍ലി ജോഷുവ. ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്താല്‍ ലോകം മുഴുവന്‍ കൂടെ നിന്നില്ലെങ്കിലും കുറച്ചുപേര്‍ എങ്കിലും കൂടെ ഉണ്ടാവും എന്നതിന്റെ ഉദാഹരണം ആണ് ഞാന്‍. എന്നെ വിശ്വസിച്ചു പണം മുടക്കി, അവസാനം വരെ കൂടെ നിന്നവരാണിവര്‍.

ആ വിശ്വാസം നഷ്ടപ്പെടാതെ നിലനിര്‍ത്തിയത് നിങ്ങള്‍ പ്രേക്ഷകര്‍ ഓരോരുത്തരുമാണ്. ഒരു സിനിമ റിലീസ് ചെയ്യുന്നതോടു കൂടി ഡയറക്ടര്‍ ഉള്‍പ്പെടെ ബാക്കി എല്ലാരുടേം ജോലി കഴിയും പക്ഷെ ഒരു പ്രൊഡ്യൂസര്‍ക് അതിനു ശേഷമാണ് റിസള്‍ട്ട് അറിയാന്‍ സാധിക്കുക.. ഇന്ന് ഇപ്പോള്‍ ആ റിസള്‍ട്ട് ആയിട്ടാണ് എനിക്ക് ഈ ബുള്ളറ്റ് ഇവര്‍ സമ്മാനിച്ചത്. അതിന് നിങ്ങളോട് ഒരുപാട് .. പഴഞ്ചന്‍ പ്രണയം ടീമിനോടും എന്റെ ആത്മാര്‍ത്ഥമായ നന്ദി, ഞാന്‍ ഇപ്പോള്‍ എന്റെ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ് എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും പഴഞ്ചന്‍ പ്രണയത്തിന് നല്‍കിയത് പോലെ തന്നെ, ഇനിയും ഉണ്ടാവണം..’,

Top