ബുമ്രയുടെ നേതൃത്വത്തിലുള്ള ടീം അവിശ്വസനീയമായ പ്രകടനമാണ് പുറത്തെടുക്കുന്നത്; മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍

കൊല്‍ക്കത്ത: ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിലുള്ള ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷമിയും കൂടി ചേരുന്ന ഇന്ത്യന്‍ പേസ് നിര അവിശ്വസനീയ പ്രകടനമാണ് പുറത്തെടുക്കുന്നതെന്ന് മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ ഗ്രെയിം സ്വാന്‍. ബുമ്രക്കൊപ്പമുള്ള ഇന്ത്യന്‍ടീം പേസാക്രമണത്തിന് ഏത് എതിരാളികളെയും കുറഞ്ഞ സ്‌കോറില്‍ പുറത്താക്കാനാവുമെന്നും സ്വാന്‍ പറഞ്ഞു.

ആഷസ് പരമ്പര നടക്കുന്ന സമയമത്തായതിനാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ പേസര്‍മാര്‍ പുറത്തെടുത്ത മികവ് ഇംഗ്ലണ്ടിന് കാണാന്‍ കഴിഞ്ഞില്ല. അവിശ്വസനീയ ഫോമിലായിരുന്നു ആ പരമ്പരയില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞത്. പ്രത്യേകിച്ച് ജസ്പ്രീത് ബുമ്രയുടെ പ്രകടനം.

ഇന്ത്യ തകര്‍ത്തപുവിട്ട വെസ്റ്റ് ഇന്‍ഡീസിനെ വിലകുറച്ചു കണ്ടതാണ് ഇപ്പോള്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തോല്‍വിയിലേക്ക് നയിച്ചതെന്നും സ്വാന്‍ പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ടീം സെലക്ഷനിലും ഇംഗ്ലണ്ടിന് പിഴച്ചു. സ്റ്റുവര്‍ട്ട് ബ്രോഡിനെ തഴഞ്ഞത് തിരിച്ചടിയായി. ഒരു ദിവസം മോശം പന്തുകളൊന്നുമെറിയാതെ 25 ഓവര്‍ എറിയാന്‍ കഴിയുന്ന ഒരു ബൗളറുണ്ടെങ്കില്‍ അത് സ്റ്റുവര്‍ട്ട് ബ്രോഡാണ്.

ജെയിംസ് ആന്‍ഡേഴ്‌സണ് പറ്റിയ പങ്കാളിയും ബ്രോഡ് ആണ്. ഇംഗ്ലണ്ടിന് ജയിക്കണമെങ്കില്‍ ബ്രോഡും ആന്‍ഡേഴ്‌സണും വേണം. അവര്‍ക്ക് ഇപ്പോഴും മികച്ച രീതിയില്‍ പന്തെറിയാന്‍ കഴിയുമെങ്കില്‍ പിന്നെ എന്തിനാണ് അവരെ ഒഴിവാക്കിയതെന്നും സ്വാന്‍ ചോദിച്ചു.

Top