അവസാന ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് മികച്ച സ്‌കോര്‍; കളത്തില്‍ നിറഞ്ഞാടി സഞ്ജു

തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് മികച്ച സ്‌കോര്‍. മഴമൂലം 20 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ നാല് വിക്കറ്റിന് 204 റണ്‍സ് അടിച്ചുകൂട്ടി. 48 പന്തില്‍ ഏഴ് സിക്‌സും ആറ് ഫോറും പറത്തിയ സഞ്ജു വി സാംസണ്‍ 91 റണ്‍സുമായി കളിക്കളത്തില്‍ നിറഞ്ഞാടി.

ഓപ്പണര്‍ പ്രശാന്ത് ചോപ്ര രണ്ട് റണ്‍സിന് പുറത്തായപ്പോള്‍ മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ സഞ്ജു മികച്ച ഫോമിലായിരുന്നു. ചോപ്രയ്ക്ക് പിന്നാലെയെത്തിയ ശിഖര്‍ ധവാന്‍ 36 പന്തില്‍ നിന്നായി 51 റണ്‍സ് നേടി സഞ്ജുവിന് മികച്ച പിന്തുണയാണ് നല്‍കിയത്. ഇരുവരുയെയും കൂട്ടുകെട്ടില്‍ പിറന്നത് 135 റണ്‍സാണ്. 16-ാം ഓവറില്‍ അവസാന പന്തില്‍ സഞ്ജു പുറത്താകുമ്പോള്‍ സ്‌കോര്‍ നിലയില്‍ ഇന്ത്യ മികച്ച കരുത്താര്‍ജിച്ചിരുന്നു.

അവസാന ഓവറുകളില്‍ നായകന്‍ ശ്രേയസ് അയ്യരുടെ ബാറ്റിംഗാണ് സ്‌കോര്‍ 200 കടത്തിയത്. ശ്രേയസ് 19 പന്തില്‍ 36 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ബ്രൂറന്‍ ഹെന്‍ട്രിക്‌സ്, ജോര്‍ജ് ലിന്‍ഡെ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ നേടി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരവും ജയിച്ച് ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. നാലാം മത്സരത്തില്‍ നാല് റണ്‍സിന്റെ വിജയം ദക്ഷിണാഫ്രിക്ക നേടി.

Top