മരമില്ലിന്റെ ചില്ല് തകര്‍ത്തെന്നാരോപിച്ച് യുവാവിനെ തട്ടികൊണ്ട്‌പോയി മര്‍ദ്ദിച്ച സംഘം അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും ബൈക്കും കവര്‍ന്ന കേസില്‍ ആറ് പേര്‍ അറസ്റ്റിലായി. മരമില്ലിന്റെ ചില്ല് പൊട്ടിച്ചെന്നാരോപിച്ചാണ് യുവാവിനെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. മലപ്പുറം ഊരകം സ്വദേശികളായ ഇസ്ഹാക്ക്, മുഹമ്മദ് റിയാസ്, മുഹമ്മദ് ഇഷാം, ഷംസുദ്ദീന്‍,കോട്ടുമല സ്വദേശികളായ മുജീബ് റഹ്മാന്‍,സൈനുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്.

മലപ്പുറം പൊലീസാണ് പ്രതികളെ പിടികൂടിയത്. ഈ മാസം പതിനൊന്നിനാണ് പട്ടര്‍ക്കടവ് സ്വദേശി തൈക്കണ്ടി അബ്ദുള്‍ നാസറിനെ സംഘം തട്ടിക്കൊണ്ടുപോയത്. പട്ടര്‍ക്കടവ് അങ്ങാടിയില്‍ നിന്നിരുന്ന അബ്ദുള്‍ നാസറിനെ ഒരു കാര്യം പറയാനുണ്ടെന്ന് അറിയിച്ച് ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.

പ്രതികളിലൊരാളായ ഇസ്ഹാഖിന്റെ ഉടമസ്ഥതയിലുള്ള വേങ്ങര വെങ്കുളത്തെ മരമില്ലിന്റെ ചില്ല് തകര്‍ത്തത് അബ്ദുള്‍ നാസറാണെന്ന ധാരണയിലാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. കാരാത്തോട് ഒരു കെട്ടിടത്തിലെത്തിച്ച് പ്രതികള്‍ അബ്ദുള്‍ നാസറിനെ മര്‍ദ്ദിക്കുകയും കയ്യിലുണ്ടായിരുന്ന പണം തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് പട്ടര്‍ക്കടവില്‍ അബ്ദുള്‍ നാസര്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കും സംഘം കൊണ്ടുപോയി.

Top