കേരളത്തിലെ അധ്യാപകര്‍ക്ക് അമേരിക്കയില്‍ അവസരം

മേരിക്കയില്‍ സാംസ്‌കാരിക വിദ്യാഭ്യാസ വിനിമയ പരിപാടിയുടെ ഭാഗമാകാന്‍ കേരളത്തിലെ അധ്യാപകര്‍ക്ക് അവസരം. ആറു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ്, മാത്‌സ്, സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയും അനുബന്ധ രേഖകളും അവലോകനം ചെയ്താണ് അഭിമുഖത്തിനുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കുക.

വിവരണാത്മകമായ രീതിയില്‍ ഉത്തരങ്ങള്‍ നല്‍കേണ്ട ചോദ്യങ്ങളാണ് അപേക്ഷയില്‍ കൊടുത്തിരിക്കുന്നത്. അതിനാല്‍ ഒറ്റവാക്കിലോ വാക്യത്തിലോയുള്ള വിവരങ്ങള്‍ നല്‍കാന്‍ പാടില്ല. സാമൂഹിക പ്രതിബദ്ധത, വ്യക്തിമൂല്യങ്ങള്‍, നൈസര്‍ഗികത, അക്കാദമിക നേതൃപാടവം, വീക്ഷണം എന്നിവ പരിശോധിക്കാനുതകുന്ന ചോദ്യങ്ങളാണ് അപേക്ഷയിലുള്ളത്. അതിനാല്‍ അവ വിശദീകരിച്ച് വായിച്ച് ശരിയായ വിവരങ്ങള്‍ നല്‍കുക. ഇന്റര്‍നെറ്റില്‍ നിന്നുള്ളതും പുറമേനിന്നുമുള്ള വിവരങ്ങള്‍ കടമെടുക്കുന്നത് അപേക്ഷ നിരസിക്കാന്‍ കാരണമാകും.

എഴുതുന്നത് യുക്തിസഹവും ലളിതവും സുതാര്യവുമാക്കാന്‍ ശ്രദ്ധിക്കണം. അപേക്ഷയിലെ വിവരങ്ങള്‍ ശരിയാണോയെന്നാണ് അഭിമുഖത്തില്‍ പരിശോധിക്കുക. എന്തുകൊണ്ട് അപേക്ഷിച്ചു എന്നതിന് കൃത്യവും യുക്തിഭദ്രവുമായ ഉത്തരമാണോ നമ്മുടെതെന്ന് പരിശോധിക്കും. യു.എസ്. കോണ്‍സുലേറ്റ്, യു.എസ്.ഐ.ഇ.എഫ്. പ്രതിനിധികള്‍, വിഷയ വിദഗ്ധര്‍ എന്നിവരടങ്ങിയതാണ് ഇന്റര്‍വ്യൂ ബോര്‍ഡ്. സൗഹൃദ സംഭാഷണത്തിന് സമാനമായ ഒരന്തരീക്ഷമാണ് സൃഷ്ടിക്കുക. അതിനാല്‍ പിരിമുറക്കത്തിന്റെ ആവശ്യമില്ല.

സ്വാഭാവികമായ സംസാരത്തിലേക്ക് അവരെ നയിക്കാന്‍ പറ്റുക എന്നത് പ്രധാന കാര്യമാണ്. ചോദ്യങ്ങളുടെയും അന്വേഷണങ്ങളുടെയും പ്രസക്തി ഉള്‍ക്കൊണ്ട് പക്വതയോടെ പ്രതികരിക്കുക.അഭിമുഖത്തിനുശേഷമുള്ള ചുരുക്കപ്പട്ടികയില്‍ ഇടംനേടുന്നവര്‍ക്കായി ടെസ്റ്റ് ഓഫ് ഇംഗീഷ് ആസ് എ ഫോറിന്‍ ലാംഗ്വേജ് (ടി ഒ ഇ എഫ് എല്‍) ഓണ്‍ലൈന്‍ പരീക്ഷ നടത്തും. കേരളത്തിലും സെന്റര്‍ ഉണ്ടാകും. അഭിമുഖത്തിനുള്ള യാത്ര, താമസച്ചെലവുകളും ഓണ്‍ലൈന്‍ പരീക്ഷയുടെ ഫീസും യു.എസ്.ഐ.ഇ.എഫ്. വഹിക്കും.

ഓണ്‍ലൈന്‍ പരീക്ഷയില്‍ 120ല്‍ 61 സ്‌കോറെങ്കിലും നേടണം. അറുപതിലധികം രാജ്യങ്ങളില്‍നിന്നും ഇപ്രകാരം തിരഞ്ഞെടുത്തവരുടെ വിവരങ്ങള്‍ പരിശോധിച്ചാണ് അന്തിമപട്ടിക തയ്യാറാക്കുക. ആറാഴ്ചയെടുക്കുന്ന പരിശീലന പരിപാടിക്ക് യാത്രാ, അവധി ദിനങ്ങള്‍ ഉള്‍പ്പെടെ 52 ദിവസമെടുക്കും. അമേരിക്കയിലെ പ്രശസ്തമായ സര്‌വകലാശാലയിലെ വിദ്യാഭ്യാസ വിഭാഗത്തിലാണ് അഫിലിയേഷന്‍ നല്‍കുക.

താമസം, ഭക്ഷണം, ചികിത്സ, യാത്ര ഉള്‍പ്പെടെയുള്ള ചെലവുകള്‍ ഫെലോഷിപ്പില്‍ ഉള്‍പ്പെടും. ബോധനരീതികള്‍, വിവരസാങ്കേതികാതിഷ്ഠിത അധ്യാപനം, സാംസ്‌കാരികസഹവാസം, നൂതന പാഠ്യപദ്ധതി എന്നിവയിലൂന്നിയാണ് പരിശീലനം. കൂടാതെ ഒരു സെക്കന്‍ഡറി സ്‌കൂളില്‍ എട്ടു ദിവസത്തെ പരിശീലനമുണ്ടാകും. വിനോദ, സാംസ്‌കാരികകേന്ദ്രങ്ങള്‍, മ്യൂസിയങ്ങള്‍ എന്നിവ സന്ദര്‍ശിക്കാനുള്ള സൗകര്യവുമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.usief.org.in സന്ദര്‍ശിക്കുക. മാര്‍ച്ച് 14 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.

Top