Teacher suspended for worshiping Asaram in school

ജയ്പൂര്‍: പീഡനകേസില്‍ ജയിലില്‍ കഴിയുന്ന ആള്‍ദൈവം ആസാറാം ബാപ്പുവിനെ പൂജിച്ചതിന് അധ്യാപകനെ പുറത്താക്കി. മധ്യപ്രദേശിലെ ബാര്‍മര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ആസാറാം ബാപ്പുവിനെ പൂജിച്ചത്.

ദോലാധര്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ പഠിപ്പിക്കുന്ന മഗാരാം എന്ന അധ്യാപകനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്‌കൂള്‍ അസംബ്ലിക്കിടെ പ്രാര്‍ത്ഥനയ്ക്കു പകരം ആസാറാം ചാലിസ എന്ന ശ്ലോകം ചൊല്ലുകയും കുട്ടികളോട് അത് ഏറ്റ് ചൊല്ലുവാന്‍ ആവശ്യപ്പെടുകയും മഗാരം ചെയ്തു. ആസാറാമിന്റെ ഫോട്ടോ വെച്ചാണ് ശ്ലോകം ചൊല്ലിയത്. ശ്ലോകം ചൊല്ലുന്നത് നിര്‍ത്തണമെന്നാവശ്യപ്പെട്ടെങ്കിലും മഗാരാം തയ്യാറായില്ലെന്ന് മറ്റ് അധ്യാപകര്‍ പറഞ്ഞു.

വിദ്യാഭ്യാസ സെക്രട്ടറി കെ എല്‍ മീന സ്‌കൂള്‍ സന്ദര്‍ശിച്ച സമയത്ത് ചില അധ്യാപകര്‍ പരാതിപ്പെട്ടപ്പോഴാണ് സംഭവത്തെക്കുറിച്ച് പുറത്തറിയുന്നത്. തുടര്‍ന്ന് സംഭവം ഹെഡ്മാസ്റ്റര്‍ സ്ഥിരീകരിച്ചതോടുകൂടിയാണ് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

2013 ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആസാറാം ബാപ്പു ജോധ്പൂര്‍ ജയിലില്‍ കഴിയുകയാണ്.

Top