വിദ്യാർത്ഥിയോട് ക്രൂരത കാണിച്ച അധ്യാപകന് സസ്പെൻഷൻ; ആന്ധ്രയിൽ പ്രതിഷേധം ഫലം കണ്ടു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ വിദ്യാർത്ഥിയെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തു. സഹപാഠികളിലൊരാൾ‌ ദൃശ്യങ്ങൾ സമൂഹിക മാധ്യമങ്ങൾ വഴി പങ്കു വച്ചതോടെ ചർച്ചയായ സംഭവത്തിലാണ് അധ്യാപകനെതിരെ നടപടി എടുത്തത്. വിജയവാഡയ്ക്ക് സമീപമുള്ള ശ്രീ ചൈതന്യ ജൂനിയർ കോളേജിലെ അധ്യാപകനെതിരെയാണ് നടപടി. ക്ലാസ് മുറിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് ഈ അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ചത്. കൈകൊണ്ട് തല്ലിയതിന് ശേഷം അരിശം തീരാതെ ചവിട്ടുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. മറ്റൊരു വിദ്യാർത്ഥി മൊബൈലിൽ പകർത്തിയതോടെയാണ് വിഷയം പുറത്തറിഞ്ഞത്.

ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ആന്ധ്രാപ്രദേശ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. പിന്നാലെയാണ് അധ്യാപകനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. വിദ്യാർത്ഥി സംഘടനകളും അധ്യാപകനെതിരെ രംഗത്തെത്തിയിരുന്നു. ഇതിനിടെ വഴിത്തിരിവായി, കുട്ടിക്ക് സ്വന്തമായി മൊബൈൽ ഫോൺ ഇല്ലെന്ന് വ്യക്തമാക്കി രക്ഷിതാക്കൾ‌ രംഗത്തെത്തി. അധ്യാപകൻ മനഃപൂർവ്വം പ്രശ്നം ഉണ്ടാക്കിയെന്ന് വിദ്യാർത്ഥിയും അവകാശപ്പെട്ടിരുന്നു.

Top