മലപ്പുറത്ത് അധ്യാപകനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് അധ്യാപകനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പുനലൂര്‍ സ്വദേശിയായ ബെനഡിക്റ്റിനെയാണ് വാടക ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എടപ്പാള്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സീനിയര്‍ അധ്യാപകനാണ് ബെനഡിക്റ്റ്.

കഴിഞ്ഞ രണ്ട് വര്‍ഷമായി എടപ്പാള്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു ബെനഡിക്റ്റ്. പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ ബെനഡിക്റ്റിനായിരുന്നു പ്രിന്‍സിപ്പിലിന്റെ ചുമതല. സ്‌കൂളിനോട് ചേര്‍ന്നുള്ള വാടക ക്വാര്‍ട്ടേഴ്സില്‍ ഒറ്റയ്ക്കായിരുന്നു താമസം. ബെനഡിക്റ്റിനെ കാണാത്തതിനെ തുടര്‍ന്ന് സമീപവാസികള്‍ നടത്തിയ അന്വേഷണത്തില്‍ ക്വാര്‍ട്ടേഴ്സില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് കണ്ടെത്തി. തുടര്‍ന്ന് ചെങ്ങരംകുളം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് എത്തി പൂട്ട് തകര്‍ത്താണ് അകത്തുകയറിയത്. പരിശോധനയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപം രക്തം തളംകെട്ടിയിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Top