ആട് മോഷണക്കേസിലെ പ്രതിയെ 41 വര്‍ഷങ്ങള്‍ക്കുശേഷം അറസ്റ്റ് ചെയ്ത് പൊലീസ് !

അഗര്‍ത്തല: ആട് മോഷണക്കേസിലെ പ്രതിയെ 41 വര്‍ഷങ്ങള്‍ക്കുശേഷം അറസ്റ്റ് ചെയ്ത് പൊലീസ്. ത്രിപുര മേഖില്‍പാര തേയില എസ്റ്റേറ്റിലെ തൊഴിലാളിയായ ബച്ചു കൗളി(58)നെയാണ് കഴിഞ്ഞദിവസം ത്രിപുര പോലീസ് അറസ്റ്റ് ചെയ്തത്.

1978-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബച്ചുവും പിതാവ് മോഹന്‍ കൗളും ചേര്‍ന്ന് വെസ്റ്റ് ത്രിപുരയിലെ റാനിര്‍ ബസാറില്‍നിന്ന് ആടിനെ മോഷ്ടിച്ചെന്നാണ് കേസ്. അന്വേഷണം നടത്തിയെങ്കിലും പ്രതികള്‍ രണ്ടുപേരെയും കാണ്മാനില്ലെന്നും ഇവര്‍ ഒളിവിലാണെന്നുമായിരുന്നു നേരത്തെ പോലീസ് നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍ കേസിലെ മറ്റൊരു പ്രതിയായ മോഹന്‍ കൗള്‍ 18 വര്‍ഷം മുമ്പ് മരണപ്പെട്ടു.

45 രൂപ വിലവരുന്ന ആടിനെ മോഷ്ടിച്ചെന്നാണ് 1978-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നതെന്നും, എന്നാല്‍ നിലവില്‍ ആടിന്റെ മൂല്യം 3000 രൂപയ്ക്ക് മുകളിലാണെന്നും പോലീസ് പറഞ്ഞു.

Top