തെലങ്കാനയിൽ കോണ്‍ഗ്രസ്സിന്‌ സൂപ്പർ ‘ആയുധം’ കൊടുത്ത് ടി.ആർ.എസ് . . .

കോണ്‍ഗ്രസ്സ് – ടി.ഡി.പി സഖ്യം ഉയര്‍ത്തുന്ന കനത്ത വെല്ലുവിളിയില്‍ അമ്പരന്ന് നില്‍ക്കുന്ന തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും ടി.ആര്‍.എസും ചെയ്യുന്ന പ്രവര്‍ത്തികളും അബദ്ധമാകുന്നു.

കാവല്‍ മുഖ്യമന്ത്രി ആയി തുടരുന്ന ചന്ദ്രശേഖര റാവുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണ റാലി നടക്കാനിരിക്കെ കോണ്‍ഗ്രസ്സ് വര്‍ക്കിങ് പ്രസിഡന്റ് കൂടിയായ കോടാങ്ങലിലെ സ്ഥാനാര്‍ത്ഥി രേവന്ത് റെഡ്ഡിയെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയ സംഭവമാണ് തെലങ്കാനയില്‍ വന്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ റെഡ്ഢിയുടെ വീട്ടിലെത്തിയ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് റെഡ്ഡിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ടി.ആര്‍.എസിന്റെ ഗൂഢാലോചന പ്രകാരമാണ് അറസ്റ്റ് നടന്നതെന്നാണ് കോണ്‍ഗ്രസ്സ് ആരോപിക്കുന്നത്. ഭരണം പിടിച്ചാല്‍ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കാന്‍ ഏറെ സാധ്യതയുള്ള നേതാവ് കൂടിയാണ് രേവന്ത് റെഡ്ഢി.

റെഡ്ഢി അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ജനങ്ങളോട് ചന്ദ്രശേഖരറാവുവിന്റെ റാലി ബഹിഷ്‌ക്കരിക്കണമെന്നും പ്രതിഷേധം സംഘടിപ്പിക്കണമെന്നും ആഹ്വാനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് പൊലീസ് വാദം.

തെലങ്കാന സര്‍ക്കാര്‍ കോടാങ്ങല്‍ മേഖലയിലേക്കുള്ള ജലവിതരണം തടയുകയും സിമന്റ് ഫാക്ടറി ഉള്‍പ്പെടെയുള്ള വ്യവസായ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും ചെയ്തതായാണ് കോണ്‍ഗ്രസ്സ് ആരോപിക്കുന്നത്. നാലര വര്‍ഷമായി ഈ പ്രദേശം അവികസിത പ്രദേശമായി തുടരുകയാണെന്ന് രേവന്ത് റെഡ്ഡി ആരോപിക്കുന്നു.

കാര്യങ്ങള്‍ എന്തായാലും ആര് പറഞ്ഞിട്ട് ചെയ്തതായാലും ഈ അറസ്റ്റും കരുതല്‍ തടങ്കലും കോണ്‍ഗ്രസ്സ് മുന്നണിയെ സംബന്ധിച്ച് വീണു കിട്ടിയ വലിയ ആയുധമാണ്. അത് പരമാവധി അവര്‍ ഉപയോഗിക്കുന്നുമുണ്ട്. വിധിയെഴുത്തിന് തൊട്ടു മുന്‍പ് നടന്ന ഈ അറസ്റ്റ് രാഷ്ട്രീയ മണ്ടത്തരമായാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

ദക്ഷിണേന്ത്യയില്‍ കര്‍ണ്ണാടകയിലും പുതുച്ചേരിയിലും മാത്രം ഭരണമുള്ള കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് തെലങ്കാന ഭരണം പിടിച്ചാല്‍ വന്‍ നേട്ടമാകും. നിഷ്പ്രയാസം വിജയിച്ചു വരാമെന്ന് കണക്ക് കൂട്ടിയാണ് അടുത്ത വര്‍ഷം നടക്കേണ്ട തിരഞ്ഞെടുപ്പ് ഭരണപക്ഷമായ ടി.ആര്‍.എസ് നേരത്തെ ആക്കിയിരുന്നത്. തീരുമാനം നിയമസഭ പിരിച്ചു വിട്ട് മുഖ്യമന്ത്രി ചന്ദ്രശേഖരറാവു അപ്രതീക്ഷിതമായി പ്രഖ്യാപിക്കുകയായിരുന്നു.

എന്നാല്‍ ടി.ഡി.പിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ്സ് സഖ്യമുണ്ടാക്കിയതോടെ ചിത്രം മാറി. ഇപ്പോള്‍ കടുത്ത മത്സരമാണ് തെലങ്കാനയില്‍ ടി.ആര്‍.എസ് നേരിടുന്നത്. കോണ്‍ഗ്രസ്സ് പ്രചരണ യോഗങ്ങളിലും വന്‍ ആള്‍ക്കൂട്ടമാണ് ഉള്ളത്. തെലങ്കാന ഭരണം പിടിക്കാന്‍ ചന്ദ്രശേഖര റാവുവിന്റെ വലം കൈ ആയി നിന്ന മുന്‍ ആക്ഷന്‍ റാണി വിജയശാന്തി ഇപ്പോള്‍ കോണ്‍ഗ്രസ്സിനു വേണ്ടി ജനങ്ങളെ ഇളക്കി മറിക്കുന്ന കാഴ്ചയാണ് ഇവിടെയുള്ളത്.

കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി തെലങ്കാന കേന്ദ്രീകരിച്ചാണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു വരുന്നത്. തെലങ്കാന കോണ്‍ഗ്രസ്സ് സഖ്യം പിടിച്ചാല്‍ അത് ഉമ്മന്‍ ചാണ്ടിയുടെ കൂടി നേട്ടമായി മാറും. അതേസമയം പ്രാദേശിക വികാരം ഒടുവില്‍ പാര്‍ട്ടിയെ തുണക്കുമെന്നും ഭരണം നിലനിര്‍ത്താനാവുമെന്ന പ്രതീക്ഷയിലാണ് ടി.ആര്‍.എസ്.

119 നിയമസഭാ സീറ്റും 17 ലോകസഭ സീറ്റും ഉള്ള തെലങ്കാനയില്‍ കേന്ദ്ര നേതാക്കളെ ഇറക്കി ബി.ജെ.പിയും ശക്തമായ മത്സരമാണ് കാഴ്ചവയ്ക്കുന്നത്. ഇരു മുന്നണികള്‍ക്കും എതിരെയാണ് ബി.ജെ.പിയുടെ യുദ്ധം.

മുസ്ലീം തീവ്ര സംഘടനയായ എംഐഎം ടി.ആര്‍.എസുമായി സഖ്യമുണ്ടാക്കിയതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്. അതേസമയം ടി.ആര്‍.എസിനെ ലോക സഭ തിരഞ്ഞെടുപ്പില്‍ ആവശ്യം വരും എന്നതിനാല്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവുമായുള്ള ബന്ധം നിലനിര്‍ത്തി കൊണ്ടു തന്നെയാണ് ബി.ജെ.പി സംസ്ഥാന സര്‍ക്കാറിനെതിരെ പ്രചരണം നടത്തി വരുന്നത്.

Top