കേന്ദ്രസര്‍ക്കാരിനെതിരെ നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിച്ചില്ല ;ലോക്‌സഭ പിരിഞ്ഞു

Loksabha

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് തെലുങ്ക് ദേശം പാര്‍ട്ടി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നിവര്‍ കേന്ദ്രസര്‍ക്കാരിനെതിരെ നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്‌സഭാ സ്പീക്കര്‍ പരിഗണിച്ചില്ല. ബഹളത്തിനിടയില്‍ നോട്ടീസ് പരിഗണിക്കാനാകില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. ലോക്‌സഭാ ഇന്നത്തേക്ക് പിരിഞ്ഞു.

കോണ്‍ഗ്രസിനും സിപിഎമ്മിനും പുറമേ പ്രദേശികമായി ശക്തമായ സ്വാധീനമുള്ള ടിഎംസി, ബിജെഡി, എഐഎംഐഎം, വൈഎസ്‌ആര്‍, ശിവസേന, ആംആദ്മി പാര്‍ട്ടി എന്നിങ്ങനെ അനേകര്‍ അവിശ്വാസ പ്രമേയത്തില്‍ ടിഡിപിക്ക് പിന്നിലെത്തി.

ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയെന്ന ആവശ്യത്തില്‍ വിഘടിച്ചു നില്‍ക്കുന്ന ടിഡിപിയുടെ ആവശ്യം ന്യായമാണെന്ന് പറഞ്ഞ് സിപിഎം നേതാവ് സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു. സിപിഎം അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുന്നതായും പറഞ്ഞു. ടിഎംസിയും, ബിജെഡിയും ടിഡിപിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു .

സംസ്ഥാന പുനസംഘടനാ നിയമം നടപ്പാക്കുന്നതില്‍ പരാജയം, യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാമെന്ന വാഗ്ദാന ലംഘനം, മുസ്ളീം സ്ത്രീകള്‍ക്കും ന്യുനപക്ഷങ്ങളോടും അനീതി കാട്ടി എന്നിങ്ങനെയുള്ള ആരോപണമാണ് എഐഎംഐഎം ഉന്നയിച്ചത്. കാവേരി വിഷയത്തില്‍ നേരത്തേ എഐഎഡിഎംകെ എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. കാവേരി പ്രശ്നത്തില്‍ സ്ഥിരം സമിതിയെ നിയമിക്കുമെന്ന കാര്യത്തില്‍ കേന്ദ്രം വാക്കു പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചായിരുന്നു എഐഎഡിഎംകെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത്.

Top