തെലങ്കാനയിൽ ടിഡിപി – ബിജെപി സഖ്യ സാധ്യത; നായിഡു അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ഈ വർഷം അവസാനം നടക്കുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനും അടുത്ത വർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനും മുന്നോടിയായുള്ള സഖ്യം ചർച്ച ചെയ്യാൻ തെലുങ്കുദേശം പാർട്ടി (ടിഡിപി) അധ്യക്ഷനും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷനും ജെ.പി.നഡ്ഡ എന്നിവരുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ടിഡിപിയും സഖ്യമുണ്ടാക്കിയേക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

2014ൽ എൻഡിഎയുടെ ഭാഗമായിരുന്നു ടിഡിപി. എന്നാൽ, ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകുന്ന വിഷയവുമായി ബന്ധപ്പെട്ട് 2018 മാർച്ചിൽ സഖ്യം ഉപേക്ഷിച്ചു. പോർട്ട് ബ്ലെയറിൽ അടുത്തിടെ നടന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിന് ശേഷം ഇരു പാർട്ടികളും ഒന്നിച്ചു. ടിഡിപി സ്ഥാപകനും മൂന്ന് തവണയായി ഏഴ് വർഷം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന എൻ.ടി.രാമറാവുവിനെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’ൽ അനുസ്മരിച്ചിരുന്നു.

Top