ടിഡിപി എന്‍ഡിഎ വിട്ടു; പ്രഖ്യാപനം നടത്തിയത് ടിഡിപി പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം

BJPTDP

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിനുള്ള പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാറുമായി ഇടഞ്ഞു നില്‍ക്കുന്ന തെലുങ്കുദേശം പാര്‍ട്ടി എന്‍.ഡി.എ വിട്ടു. എന്‍.ഡി.എയുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഹൈദരാബാദില്‍ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ കേന്ദ്രസര്‍ക്കാരിനെതിരെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ടി.ഡി.പി എന്നിവര്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. നേരത്തെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നല്‍കിയ അവിശ്വാസത്തെ പിന്തുണയ്ക്കുമെന്നായിരുന്നു സൂചനകളെങ്കിലും സ്വന്തം നിലയില്‍ നോട്ടീസ് നല്‍കാന്‍ ടി.ഡി.പി തീരുമാനിക്കുകയായിരുന്നു.

അവിശ്വാസ പ്രമേയത്തിന് അനുമതി നല്‍കണമെങ്കില്‍ കുറഞ്ഞത് 50 അംഗങ്ങളുടെയെങ്കിലും പിന്തുണ വേണമെന്നാണ് ചട്ടം. എന്നാല്‍ നിലവില്‍ ടി.ഡി.പിക്ക് 16 അംഗങ്ങളാണുള്ളത്. അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ്, ബിജു ജനതാ ദള്‍, കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളെ ടി.ഡി.പി സമീപിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന് 34, ബി.ജെ.ഡിക്ക് 20, കോണ്‍ഗ്രസിന് 48 എന്നിങ്ങനെയാണ് ലോക്സഭയിലെ കക്ഷിനില.

Top