ടിഡിഎഫ് സമരത്തെ ശക്തമായി നേരിടും; കെഎസ്ആർടിസി

തിരുവനന്തപുരം: ടിഡിഎഫ് ഒന്നാം തീയതി മുതൽ പ്രഖ്യാപിച്ച സമരത്തെ ശക്തമായി നേരിടുമെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് അറിയിച്ചു. പ്രതിഷേധം ജീവനക്കാരോടും, യാത്രക്കാരോടുമുള്ള വെല്ലുവിളിയായിട്ടാണ് കാണുന്നത്. സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൻ ബാധകമാക്കും. അടുത്ത മാസം 5ന് മുൻപായി ശമ്പളം നൽകാനാണ് മാനേജ്മെന്റിന്റ് തീരുമാനമെന്നും കെഎസ്ആർടിസി അറിയിച്ചു.

കെഎസ്ആർടിസി ഉയർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്. അതിന്റെ ഉ​ദാഹരണമാണ് ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനം ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനമായ 8.4 കോടി രൂപ നേടാനായത്. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ജീവനക്കാർക്ക് പുതിയ ഡ്യൂട്ടി സമ്പ്രദായം കൊണ്ട് ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ പരിശോധിച്ച് ആറ് മാസത്തിനകം വേണ്ട മാറ്റം വരുത്താമെന്ന് ഉറപ്പ് നൽകിയതാണ്.

യോ​ഗത്തിൽ പങ്കെടുത്ത് എല്ലാം സമ്മതിച്ച് ശേഷം സമരം പ്രഖ്യാപിച്ച് നോട്ടീസ് നൽകിയത് മറ്റ് ജീവനക്കാരോടും, യാത്രക്കാരോടുമുള്ള വെല്ലുവിളിയാണ്. സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൻ ബാധകമാക്കും. ഒക്ടോബർ 5ന് മുൻപായി സർക്കാർ സഹായത്തോടെ ശമ്പളം നൽകാനാണ് നിലവിൽ മാനേജ്മെന്റിന്റ് തീരുമാനം. എന്നാൽ സമരത്തിൽ പങ്കെടുക്കുന്ന ഒരു ജീവനക്കാരനും സെപ്തംബർ മാസത്തെ ശമ്പളം നൽകില്ലെന്നും മാനേജ്മെന്റ് മുന്നറിയിപ്പ് നൽകി.

Top