ഫ്രം ഹോം ജോലികള്‍ നിര്‍ത്തലാക്കി ടിസിഎസ്; കൂട്ടരാജിവെച്ച് വനിതാജീവനക്കാര്‍

 

ടി സ്ഥാപനമായ ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസസ് വര്‍ക്ക് ഫ്രം ഹോം ജോലികള്‍ നിര്‍ത്തലാക്കുകയാണ്. കോവിഡ് കാലം ആരംഭിച്ച് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഈ നീക്കം. എന്നാല്‍ ഈ തീരുമാനത്തിന് പിന്നാലെ അവിടുത്തെ വനിതാ ജീവനക്കാര്‍ കമ്പനിയില്‍ നിന്ന് കൂട്ടമായി രാജിവെച്ചൊഴിയുകയാണ്.

വര്‍ക്ക് ഫ്രം ഹോം ജോലികള്‍ അവസാനിപ്പിച്ചതാണ് വനിതാ ജീവനക്കാര്‍ കൂട്ടമായി രാജിവെച്ചൊഴിയാന്‍ കാരണമെന്നാണ് കമ്പനി എച്ച്ആര്‍ മേധാവി മിലിന്ദ് ലക്കാട് പറയുന്നത്. തീരുമാനം വന്നതിന് ശേഷം കൂടുതല്‍ വനിതകള്‍ രാജിവെക്കുന്നു. ചിലപ്പോള്‍ മറ്റ് പല കാരണങ്ങളുമുണ്ടാവാം. എന്നാല്‍ വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ചതാണ് മുഖ്യ കാരണങ്ങളിലൊന്ന്. എന്നാല്‍ ഈ കൂട്ടരാജി കമ്പനിയില്‍ ഏതെങ്കിലും വിധത്തില്‍ വിവേചനം നേരിട്ടതിനെ തുടര്‍ന്നല്ല എന്നും മിലിന്ദ് പറയുന്നു. പൊതുവില്‍ പരുഷന്മാരാണ് ഏറ്റവും കൂടുതല്‍ രാജിവെച്ചൊഴിയാറ്. എന്നാല്‍ ഇത്തവണ വനിതകള്‍ അവരെ മറികടന്നുവെന്നും മിലിന്ദ് പറഞ്ഞു.

ടിസിഎസില്‍ ആറ് ലക്ഷത്തിലേറെ പേര്‍ ജോലിചെയ്യുന്നുണ്ട്. ഇതില്‍ 35 ശതമാനം വനിതകളാണ്. കമ്പനിയിലെ ഉയര്‍ന്ന തസ്തികകളില്‍ വനിതകള്‍ക്ക് ഇടം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 20 ശതമാനം ജീവനക്കാര്‍ കമ്പനി വിട്ടിട്ടുണ്ട്.

കോവിഡ് കാലത്ത് ആരംഭിച്ച വര്‍ക്ക് ഫ്രം ഹോം ജോലികള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ടിസിഎസ് അടുത്തകാലത്ത് ജോലിക്കെടുത്ത പലര്‍ക്കും വര്‍ക്ക് ഫ്രം ഹോം ജോലിയാണ് നല്‍കിയിരുന്നത്. വര്‍ക്ക് ഫ്രം ഹോം ജോലി പിന്‍വലിക്കുന്ന സ്ഥാപനങ്ങളിലെല്ലാം ഈ രീതിയില്‍ ജീവനക്കാര്‍ ഒഴിയുന്നുണ്ട്.

 

Top