ടി.സി.എസിന്റെ ഓഹരി മൂല്യം 8 ലക്ഷം കോടി കടന്നു

മുംബൈ:ഓഹരികളുടെ മൊത്തം വിപണി മൂല്യം എട്ടു ലക്ഷം കോടി രൂപ കടക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ കമ്പനിയെന്ന നേട്ടം ടി സി എസിന്. ഇന്ന് രാവിലെ കമ്പനിയുടെ ഒരു ഓഹരിയുടെ മൂല്യം ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 2091 രൂപ എന്ന നിലവാരത്തില്‍ എത്തിയപ്പോള്‍ മൊത്തം മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ 8.01 ലക്ഷം കോടിയായി. നേരത്തെ ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ കമ്പനി റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്. കമ്പനിയുടെ ഓഹരിയുടെ വില ഈ വര്‍ഷം 54.6 ശതമാനം കൂടിയിട്ടുണ്ട്. സെപ്റ്റംബര്‍ ആറിന് ഓഹരികള്‍ തിരിച്ചു വാങ്ങാന്‍ ടി സി എസ് ഒരുങ്ങുകയാണ്. ഇത് കാരണമാണ് ഓഹരി വില കുതിച്ചത്.

16,000 കോടി രൂപ മുടക്കി 7.6 കോടി ഓഹരികള്‍ ഉടമകളില്‍ നിന്ന് തിരികെ വാങ്ങാനാണ് ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നത്. ഒരു ഓഹരിക്ക് 2100 രൂപയാണ് ഓഫര്‍ കിട്ടിയിരിക്കുന്നത്. സെപ്റ്റംബര്‍ 21 വരെയാണ് ഓഹരികള്‍ തിരിച്ചു വാങ്ങുന്നത്. ടാറ്റ ഗ്രൂപ്പിലെ വിവിധ കമ്പനികളാണ് ഓഹരികള്‍ വാങ്ങുന്നത്. ടാറ്റായുടെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സ് 5.47 കോടി ഷെയറുകള്‍ വാങ്ങുന്നുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍- ജൂണ്‍ കാലയളവില്‍ ടി സി എസ് 7000 കോടി രൂപയുടെ ലാഭം നേടിയിരുന്നു.

രാജ്യത്തെ ഏറ്റവും മൂല്യമുള്ള പത്ത് ലിസ്റ്റഡ് കമ്പനികള്‍ കഴിഞ്ഞ ആഴ്ച സംയോജിത വിപണിമൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തത് 77,784.85 കോടി രൂപയായിരുന്നു. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ടിസിഎസ്‌ ഒന്നാം സ്ഥാനം നേടിയിരുന്നു. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്, ആര്‍ ഐ എല്‍,എച്ച് യു എല്‍,ഐടിസി, എസ് ബി ഐ എന്നിവയാണ് നേട്ടമുണ്ടാക്കിയ കമ്പനികള്‍.

Top