മറച്ചുവെച്ച വരുമാനം വെളിപ്പെടുത്താം, ആദായനികുതിയില്‍ കൂടുതല്‍ ഇളവുകളില്ല

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണിലെ പിശകുകള്‍ തിരുത്താന്‍ നികുതിദായകര്‍ക്ക് അവസരം നല്‍കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പരിഷ്‌കരിച്ച റിട്ടേണ്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ സമര്‍പ്പിച്ചാല്‍ മതി. മറച്ചുവച്ച വരുമാനം വെളിപ്പെടുത്താനും ഇതുവഴി സാധിക്കും. അസസ്മെന്റ് വര്‍ഷത്തെ അടിസ്ഥാനമാക്കി വേണം പരിഷ്‌കരിച്ച റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ വ്യക്തമാക്കി.

ആദായനികുതി സ്ലാബുകള്‍ മാറ്റമില്ലാതെ തുടരുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍. പുതിയ ഇളവുകളില്ലെന്നും മന്ത്രി പറഞ്ഞു. ആദായനികുതി തിരിച്ചടവ് പരിഷ്‌കരിക്കും. അധിക ആദായം നികുതി അടച്ച് ക്രമപ്പെടുത്താന്‍ രണ്ട് വര്‍ഷം അനുവദിക്കും. വെര്‍ച്വല്‍, ഡിജിറ്റല്‍ സ്വത്തുകളുടെ കൈമാറ്റത്തിലെ ആദായത്തിന് 30 ശതമാനം നികുതി ഏര്‍പ്പെടുത്തും.

സ്റ്റാര്‍ട്പ്പുകളുടെ ആദായനികുതി അടയ്ക്കുന്നതിനുള്ള കാലാവധി 2023 വരെ നീട്ടി. കോവിഡ് പശ്ചാത്തലത്തിലാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്‍.പി.എസ് നിക്ഷേപങ്ങള്‍ക്ക് 14 ശതമാനം വരെ നികുതി ഇളവ് നല്‍കും. സഹകരണ സംഘങ്ങളുടെ മിനിമം നികുതി 15 ശതമാനമാക്കുമെന്നും മന്ത്രി പറഞ്ഞു.

 

Top