ടൗട്ടെ ചുഴലിക്കാറ്റ്; കേരളത്തിലുണ്ടായത് വ്യാപക നാശനഷ്ടം

തിരുവനന്തപുരം: അറബിക്കടലില്‍ നിന്ന് രൂപംകൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് വീശിയടിച്ചതിന്റെ ഫലമായി കേരളത്തിലുണ്ടായത് വ്യാപക നാശനഷ്ടങ്ങള്‍. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്താകെ 1464 വീടുകള്‍ ഭാഗികമായും 68 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. 310.3 കിലോ മീറ്റര്‍ എല്‍എസ്ജിഡി റോഡുകളും തകര്‍ന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ആകെ 14,444.9 ഹെക്ടര്‍ കൃഷി നശിച്ചു എന്നാണ് കണക്കാക്കുന്നത്. 34 അങ്കണവാടികള്‍, 10 സ്‌കൂളുകള്‍, 11 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മെയ് 12 മുതല്‍ ഇന്ന് വരെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും 2 പേര്‍ വീതവും ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നിവടങ്ങളില്‍ ഓരോ പേരും ഉള്‍പ്പടെ 7 പേര്‍ മരണമടഞ്ഞു.

ഇന്ന് പകല്‍ മൂന്ന് മണി വരെ ലഭിച്ച കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ 175 ദുരിതാശ്വാസ ക്യാമ്പുകളിലായി 1479 കുടുംബങ്ങളില്‍പ്പെട്ട 5235 പേരുണ്ട്. അതില്‍ 2034 പുരുഷന്മാരും 2191 സ്ത്രീകളും 1010 കുട്ടികളുമാണ്. ഏറ്റവും കൂടുതല്‍ ആളുകളുള്ളത് എറണാകുളത്തും തിരുവനന്തപുരത്തുമാണ്. എറണാകുളത്ത് 1427 പേരും തിരുവനന്തപുരത്ത് 1180 പേരുമാണ് ക്യാമ്പുകളില്‍ തങ്ങിയിട്ടുണ്ട്.

 

Top