ടൗട്ടെ; ഗുജറാത്തിന് ദുരിതാശ്വാസ സഹായമായി 1000 കോടി പ്രഖ്യാപിച്ച് കേന്ദ്രം

അഹമ്മദാബാദ്: ടൗട്ടെ ചുഴലിക്കാറ്റില്‍ വന്‍ നാശം വിതച്ച ഗുജറാത്തിന് അടിയന്തിര ദുരിതാശ്വാസ സഹായമായി ആയിരം കോടി രൂപ നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചു. ടൗട്ടെ ചുഴലിക്കാറ്റ് മൂലം രാജ്യത്ത് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയുടെ അടിയന്തിര ധനസഹായവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ഇതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് നാശം വിതച്ച സംസ്ഥാനങ്ങളില്‍ നഷ്ടങ്ങളുടെ കണക്കുകള്‍ കേന്ദ്രത്തിലേക്ക് അയച്ചാലുടന്‍ അടിയന്തര സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ഗുജറാത്തിലെ വിവിധയിടങ്ങളില്‍ പ്രധാനമന്ത്രി ഇന്ന് വ്യോമനിരീക്ഷണം നടത്തിയിരുന്നു. നാശനഷ്ടങ്ങളുടെ വ്യാപ്തി കണക്കാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംഘത്തെ വിന്യസിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സഹായം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കേന്ദ്രം ദുരിതബാധിത സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Top