ശ്രീലങ്കയെ കരയിച്ച ‘സാത്താന്റെ മാതാവ്’ കേരളത്തിലും; പൊലീസ് ജാഗ്രതയിൽ

കൊല്ലം ഈസ്റ്റർ ദിനത്തെ കറുത്ത ദിനമാക്കി മാറ്റാൻ ശ്രീലങ്കയിൽ തീവ്രവാദികൾ ഉപയോഗിച്ച ട്രൈ അസറ്റോൺ ട്രൈ പെറോക്സൈഡ് (ടിഎടിപി) (‘സാത്താന്റെ മാതാവ്’) എന്ന ഉഗ്ര സ്‌ഫോടന വസ്തുവിന്റെ സാന്നിധ്യം കേരളത്തിലും. കേരളത്തിൽ പലയിടത്തും കണ്ടെത്തിയത് ആശങ്കയുണർത്തുന്നു.

സാത്താന്റെ മാതാവ് എന്ന സ്‌ഫോടന വസ്തുവിന്റെ സാന്നിധ്യം കേരളത്തിലും ഉണ്ടെന്നറിഞ്ഞതോടെ അതീവ ജാഗ്രതയിലാണു പൊലീസ്. ഐഎസിന്റെ സാന്നിധ്യമുള്ള മിക്ക മേഖലകളിലുമുണ്ടായ സ്ഫോടനത്തിൽ ടിഎടിപിയാണ് ഉപയോഗിച്ചതെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.

ഐഎസ് ബന്ധത്തിനു കസ്റ്റഡിയിലായ ഓച്ചിറ സ്വദേശിയുമായി ബന്ധപ്പെട്ടു നടത്തുന്ന അന്വേഷണത്തിലൂടെയാണു വിവരങ്ങൾ പുറത്തു വരുന്നത്. പാരീസ്, ഫിലിപ്പൈൻസ് സ്ഫോടനങ്ങൾക്കും ടിഎടിപി ഉപയോഗിച്ചിരുന്നതായി ഐഎസ് ബന്ധമുള്ള ചില കാസർകോട് സ്വദേശികൾ വെളിപ്പെടുത്തിയിരുന്നു. ശ്രീലങ്കയിൽ ചാവേറായ ആച്ചി മുഹമ്മദ് ഉപയോഗിച്ചതും ഇതേ സ്ഫോടക വസ്തുവാണ്.

പൊട്ടിത്തെറിക്കുമ്പോഴുള്ള വീര്യം കൂട്ടാനായി കുപ്പിച്ചില്ല്, ഇരുമ്പു കഷ്ണങ്ങൾ തുടങ്ങിയവയും സ്‌ഫോടകവസ്തുവിൽ ഉപയോഗിക്കും. തുർക്കിയിലെ ഐഎസ് താവളത്തിൽ വച്ചാണ് ഇതിനുള്ള പരിശീലനം നൽകിയതെന്നും കണ്ടെത്തിയിട്ടുണ്ട്. പരിശോധനയിൽ ടിഎടിപി കണ്ടെത്താനും ബുദ്ധിമുട്ടേറെയാണെന്നതും ഇത് ഭീകരർക്ക് പ്രിയങ്കരമാക്കി മാറ്റി.

Top