ടാറ്റയുടെ നെക്‌സോണ്‍ XT പ്ലസ്‌ വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു

ടാറ്റയുടെ കോംപാക്ട് എസ്.യു.വിയായ നെക്‌സോണ്‍ XT പ്ലസ്‌ വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. നിലവിലുള്ള XT വേരിയന്റിനെക്കാള്‍ കൂടുതല്‍ മികച്ച ഫീച്ചറുകളോടെയാണ് പുത്തന്‍ നെക്‌സോണ്‍ എത്തിയിരിക്കുന്നത്. ഇതോടെ നെക്‌സോണ്‍ XT നിര്‍ത്തലാക്കുമെന്നാണ് സൂചന. നെക്‌സോണ്‍ XT പ്ലസ്സിന്‌ പെട്രോള്‍ എന്‍ജിന്‍ പതിപ്പിന് 8.02 ലക്ഷവും ഡീസല്‍ എന്‍ജിന്‍ മോഡലിന് 8.87 ലക്ഷം രൂപയുമാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.

XT വേരിയന്റിലെക്കാള്‍ ഫീച്ചറുകള്‍ നല്‍കിയാണ് XT പ്ലസ്‌ എത്തിയിട്ടുള്ളത്. പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍ പവര്‍ ഫോള്‍ഡിങ് റിയര്‍വ്യൂ മിറര്‍, റൂഫ് റെയില്‍, എല്‍ഇഡി ടെയ്ല്‍ ലൈറ്റ് എന്നിവയാണ് ഈ വേരിയന്റിലെ അധിക ഫീച്ചറുകള്‍. ഇന്റീരിയറിലും ഫീച്ചറുകളുടെ എണ്ണം കൂടിയിട്ടുണ്ട്. ബ്ലൂടൂത്ത് കണക്ടിവിറ്റിയും എട്ട് സ്പീക്കറുകളുമുള്ള ഹര്‍മ്മന്‍കാര്‍ബണ്‍ കണക്ട്‌നെക്സ്റ്റ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, റിയര്‍ എസി വെന്റ്, ഹൈറ്റ് അഡ്ജസ്റ്റ് ഡ്രൈവര്‍ സീറ്റ് എന്നിവയാണ് ഇന്റീരിയറിലെ പുതുമ.
സുരക്ഷ ഫീച്ചറുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്- ഇബിഡി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കേഴ്‌സ് എന്നിവയാണ് സുരക്ഷയൊരുക്കുന്നത്. 108 ബി.എച്ച്.പി പവറും 170 എന്‍.എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും 108 ബി.എച്ച്.പി പവറും 260 എന്‍.എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷനാണ് ഗിയര്‍ബോക്‌സ്.

Top