ടാറ്റ കൈ കൊടുത്തു,ഒരു ലക്ഷം കോടി ബാങ്കുകള്‍ക്ക് ഇനി തിരിച്ചു കിട്ടും

ന്യൂഡല്‍ഹി: വായ്പാ ബാധ്യതയെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഭൂഷണ്‍ സ്റ്റീലിനെ ടാറ്റ സ്റ്റീല്‍ ഏറ്റെടുത്തതോടെ 12 നിഷ്‌ക്രിയ അക്കൗണ്ടുകളിലായുള്ള ഒരു ലക്ഷം കോടി രൂപ ബാങ്കുകള്‍ക്ക് തിരികെ ലഭിക്കും.

36,000 കോടി രൂപ മുടക്കിയാണ് ഭൂഷണ്‍ സ്റ്റീലിന്റെ 72.65 ശതമാനം ഓഹരികള്‍ ടാറ്റ സ്റ്റീല്‍ ഏറ്റെടുത്തത്. ഇത് ബാങ്കിംഗ് മേഖലയിലെ തന്നെ ശുദ്ധീകരണത്തിനും, ബാങ്കുകളുടെ അറ്റാദായം ഉയര്‍ത്തുമെന്നും കരുതുന്നു. ഈ തുകയില്‍ 35,200 കോടിയും ബാങ്കുകള്‍ക്ക് നല്‍കാനുള്ളതാണ്.

ബാങ്കുകളില്‍ കിട്ടാക്കടം വരുത്തിയ ഏറ്റവും വലിയ 12 കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ പട്ടികയില്‍ റിസര്‍വ് ബാങ്ക് ഭൂഷണ്‍ സ്റ്റീലിനെ ഉള്‍പ്പെടുത്തിയിരുന്നു. നീരജ് സിംഗാളിന്റെ നേതൃത്വത്തിലുള്ള കമ്പനിക്ക് 50,000 കോടി രൂപയുടെ കടബാധ്യതയുണ്ട്. ഏകദേശം 46000 കോടി രൂപയും തിരിച്ചടയ്ക്കാനുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് റിസര്‍വ് ബാങ്കിന്റെ ആഭ്യന്തര അഡ്വൈസറി കമ്മിറ്റി 12 നിഷ്‌ക്രിയ അക്കൗണ്ടുകളിലായി 5000 കോടിക്ക് മുകളില്‍ വായ്പാ കുടിശികയുള്ളതായി കണ്ടെത്തിയത്. ഭൂഷണ്‍ സ്റ്റീല്‍ ലിമിറ്റഡ്, ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍ ലിമിറ്റഡ്, എസാര്‍ സ്റ്റീല്‍ ലിമിറ്റഡ്, ജയ്പീ ഇന്‍ഫ്രാടെക് ലിമിറ്റഡ്, ലാന്‍കോ ഇന്‍ഫ്രാടെക് ലിമിറ്റഡ്, മോണറ്റ് ഇസ്പറ്റ് ആന്‍ഡ് എനര്‍ജി ലിമിറ്റഡ്, ജ്യോതി സ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ്, ഇലക്ട്രോ സ്റ്റീല്‍സ് ലിമിറ്റഡ്, ആംടെക് ഓട്ടോ ലിമിറ്റഡ്, ഇറ ഇന്‍ഫ്ര എന്‍ജിനീയറിംഗ് ലിമിറ്റഡ്, അലോക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, എ.ബി.ജി ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് എന്നിവയാണ് കുടിശിക വരുത്തിയത്. ഇവയെല്ലാം കൂടി 1.75 ലക്ഷം കോടിയാണ് കടബാദ്ധ്യതയുണ്ടാക്കിയിരിക്കുന്നത്.

കടബാധ്യതയിലായ ഭൂഷണ്‍ സ്റ്റീല്‍, തട്ടിപ്പിനിരയായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കടമെടുത്തത്. നീരവ് മോദിയുടെ 12,000 കോടി പറ്റിച്ച പി.എന്‍.ബിക്ക് മൂലധനത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ ആശ്വാസമായിരിക്കുമെന്ന് ബാങ്ക്‌
പ്രസ്താവനയില്‍ പറഞ്ഞു.

3857 കോടി രൂപയാണ് ഭൂഷണ്‍ സ്റ്റീല്‍ പി.എന്‍.ബിക്ക് നല്‍കാനുള്ളത്. ഇതില്‍ 3050 കോടി തിരികെ ലഭിക്കുമെങ്കിലും 807.49 രൂപ കോടി എഴുതിത്തള്ളുകയും ചെയ്യും.

Top