ടാറ്റയുടെ നാല് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ക്കൂടി ആഗസ്റ്റില്‍ എത്തും

ലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള മത്സരത്തിലാണ് കുറച്ചു നാളുകളായി വാഹനക്കമ്പനികള്‍. ടാറ്റ മോട്ടോഴ്‌സും ആ മത്സരം ഏറ്റെടുത്തിരിക്കുകയാണ്. അടുത്ത 18 മാസത്തിനുള്ളില്‍ നാല് പുതിയ ഇലക്ട്രിക് വാഹനങ്ങളാണ് കമ്പനി പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കമ്പനിയുടെ 74ാമത് വാര്‍ഷിക യോഗത്തില്‍ ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഉടന്‍ പുറത്തിറങ്ങുന്ന ആല്‍ട്രോസ് ഇവി, ചെറു എസ്.യു.വിയായ നെക്‌സോണിന്റെ ഇലക്ട്രിക് പതിപ്പ്, ടിഗോര്‍ ഇവിയുടെ ശേഷി കൂടിയ പതിപ്പ് എന്നിവ കൂടാതെ പേര് പുറത്തു വിടാത്ത മറ്റൊരു വാഹനവും ടാറ്റ പുറത്തിറക്കുമെന്നാണ് വിവരം.

കോംപാക്റ്റ് വിപണിയിലെ പ്രധാന വാഹനങ്ങളിലൊന്നായ നെക്‌സോണിന്റെ ഇലക്ട്രിക് പതിപ്പ് ചെറു എസ്.യു.വി വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ. കഴിഞ്ഞ ജനീവ ഓട്ടോഷോയില്‍ പ്രദര്‍ശിപ്പിച്ച പ്രീമിയം ഇലക്ട്രിക് ഹാച്ച്ബാക്കായ ആല്‍ട്രോസ് ഈ വര്‍ഷം തന്നെ വിപണിയിലെത്തും. പുതിയ ഇലക്ട്രിക് വാഹനങ്ങളെ അടുത്തവര്‍ഷമാദ്യം നടക്കുന്ന ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ പ്രദര്‍ശിപ്പിച്ചേക്കും.

45 എക്സ് എന്ന കോഡുനാമത്തില്‍ ടാറ്റ വികസിപ്പിച്ച ഹാച്ച്ബാക്ക് കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ മോഡലാണ് ആല്‍ട്രോസ്. ഒറ്റചാര്‍ജില്‍ 250 മുതല്‍ 300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ പറ്റുന്ന തരത്തിലായിരിക്കും കാറിന്റെ ഡിസൈന്‍. കൂടാതെ ഒരു മണിക്കൂര്‍ കൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാവുന്ന ടെക്നോളജിയും പുതിയ കാറിലുണ്ടാകുമെന്നാണ് ടാറ്റ പറയുന്നത്. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ ഇലക്ട്രിക് കാര്‍ പുറത്തിറക്കി വിപണി പിടിക്കാനാണ് കമ്പനി ശ്രമം. നിലവിലെ സാഹചര്യം വെച്ച് ഏകദേശം 10 ലക്ഷത്തിന് അടുത്തായിരിക്കും കാറിന്റെ വില.

Top