10,000 പുതിയ ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ടാറ്റ

ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക് വാഹന വിഭാഗമായ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി, രാജ്യത്തുടനീളമുള്ള ഇവി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയിലെ നാല് ഇവി ചാര്‍ജ് പോയിന്റ് ഓപ്പറേറ്റര്‍മാരുമായി സഹകരിച്ച് പ്രവര്‍ത്തനം വിപുലീകരിക്കുന്നു. ചാര്‍ജ്ജ് സോണ്‍, ഗ്ലിഡ, സ്റ്റാറ്റിക്ക്, സോണ്‍ തുടങ്ങിയ ഓപ്പറേറ്റര്‍മാരുടെ സഹായത്തോടെ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 10,000 പുതിയ ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ടാറ്റ മോട്ടോഴ്സ് പദ്ധതിയിടുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. ഇതിനായി ഈ ചാര്‍ജ് പോയിന്റ് ഓപ്പറേറ്റര്‍മാരുമായി കമ്പനി ധാരണാപത്രം ഒപ്പുവച്ചു.

ടാറ്റ മോട്ടോഴ്സുമായും ചാര്‍ജ് പോയിന്റ് ഓപ്പറേറ്റര്‍മാരുമായും ചേര്‍ന്ന് പുതിയ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങള്‍ കമ്പനി പരിശോധിക്കുന്നുണ്ട്. ഈ കൂട്ടുകെട്ടോടെ ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക് വാഹനങ്ങള്‍ ഏറ്റവുമധികം വില്‍ക്കുന്നതോ ടാറ്റയ്ക്ക് ഏറ്റവും കൂടുതല്‍ ഇലക്ട്രിക് വാഹന ഉടമകളുള്ളതോ ആയ സ്ഥലങ്ങളില്‍ ഇവി ചാര്‍ജറുകള്‍ സ്ഥാപിക്കാന്‍ ഈ ഓപ്പറേറ്റര്‍മാരുടെ സഹായം സ്വീകരിക്കാന്‍ കഴിയും. രാജ്യത്തെ വിവിധ നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഏകദേശം 2,000 സ്റ്റേഷനുകളുടെ സംയോജിത ഇവി ചാര്‍ജിംഗ് ശൃംഖല ടാറ്റയുമായി ധാരണാപത്രം ഒപ്പിട്ട കമ്പനികള്‍ക്ക് നിലവില്‍ ഉണ്ട്.

നിലവില്‍ ഇലക്ട്രിക് പാസഞ്ചര്‍ വാഹന വിഭാഗത്തിലെ മുന്‍നിര നിര്‍മ്മാതാക്കളാണ് ടാറ്റ മോട്ടോഴ്സ്. ഇവി സെഗ്മെന്റിലെ മുന്‍നിരയിലുള്ളതിനാല്‍, ടാറ്റ പവറിന്റെ സഹായത്തോടെ ഇന്ത്യയിലുടനീളമുള്ള ഏറ്റവും വലിയ ഇവി ചാര്‍ജിംഗ് നെറ്റ്വര്‍ക്കുകളില്‍ ഒന്നുകൂടിയാണ് ടാറ്റ മോട്ടോഴ്സ്. ഇന്ത്യയിലുടനീളം 1.15 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ ടാറ്റ ഇതിനകം വിറ്റുകഴിഞ്ഞു. നെക്‌സോണ്‍ ഇവി, ടിഗോര്‍ ഇവി, ടിയാഗോ ഇവി എന്നിവ ഉള്‍പ്പെടുന്ന മൂന്ന് ഇലക്ട്രിക് കാറുകള്‍ ടാറ്റയ്ക്ക് വിപണിയിലുണ്ട്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് മൂന്ന് പുതിയ ഇലക്ട്രിക് വാഹനങ്ങളെങ്കിലും കമ്പനി അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.

Top