ഇലക്ട്രിക് കാറുകളുമായി വിപണി പിടിക്കാൻ ടാറ്റ; ഉടനെത്തുന്നത് 4 ഇവികൾ

ന്ത്യന്‍ വൈദ്യുതി വാഹന വിപണിയിലെ മേല്‍ക്കൈ തുടരാനുള്ള ശ്രമങ്ങള്‍ സജീവമായി ടാറ്റ മോട്ടോഴ്‌സ് തുടരുന്നുണ്ട്. പഞ്ച് ഇവിക്കൊപ്പം ടാറ്റ മോട്ടോഴ്‌സ് അവരുടെ പുതിയ ഇലക്ട്രിക് വെഹിക്കിള്‍ പ്ലാറ്റ്‌ഫോമായ Acti.ev യും അവതരിപ്പിച്ചിരുന്നു. വരാനിരിക്കുന്ന ടാറ്റ ഇവികളുടെ പ്ലാറ്റ്‌ഫോം ഇതായിരിക്കുമെന്ന് കമ്പനി അറിയിച്ചു കഴിഞ്ഞു. 2024ലും 2025ലും പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ടാറ്റയുടെ നാല് ഇവികളെ വിശദമായി പരിചയപ്പെടാം.

ടാറ്റ കര്‍വ് ഇവി

കൂപെ ഡിസൈനില്‍ ടാറ്റ പുറത്തിറക്കുന്ന ഇവിയാണ് ടാറ്റ കര്‍വ് ഇവി. സാധാരണ പ്രീമിയം എസ്‌യുവികളില്‍ കണ്ടു വരുന്ന ഈ ഡിസൈന്‍ കൂടുതല്‍ ജനകീയമാക്കാന്‍ കര്‍വ് ഇവിയുടെ വരവ് സഹായിക്കും. ഈ വര്‍ഷം ഏപ്രിലില്‍ കര്‍വ് എത്തുമെന്നാണ് പ്രതീക്ഷ. നെക്‌സോണ്‍ ഇവിയുടെ പവര്‍ട്രെയിനായിരിക്കും കര്‍വിനുണ്ടാവുക. 30kWh, 40.5kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകള്‍. നെക്‌സോണിന്റെ എംആര്‍, എല്‍ആര്‍ വകഭേദങ്ങള്‍ക്കു സമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നെക്‌സോണ്‍ ഇവിയുടെ എംആറിന് 325 കിലോമീറ്ററും എല്‍ആറിന് 465 കിലോമീറ്ററുമാണ് റേഞ്ച്.

ടാറ്റ ഹാരിയര്‍ ഇവി

ടാറ്റയുടെ ആദ്യത്തെ മിഡ്സൈസ് ഇലക്ട്രിക് എസ്‌യുവിയായിരിക്കം ഹാരിയര്‍ ഇവി. ഈ വര്‍ഷം അവസാനത്തോടെ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫെയ്സ്‌ലിഫ്റ്റ് ഹാരിയറിന്റേതിന് സമാനമായ രൂപത്തില്‍ ക്ലോസ്ഡ് ഓഫ് ഗ്രില്‍, പുതിയ അലോയ് വീലുകള്‍, ഇവി ബാഡ്ജിങ് എന്നിവയുമുണ്ടാവും. Acti.ev പ്ലാറ്റ്‌ഫോമിലാണ് ഹാരിയര്‍ ഇവിയും എത്തുന്നത്. ഡ്യുവല്‍ ഇലക്ട്രിക് മോട്ടര്‍ സെറ്റപ്പിലെത്തുന്ന ഹാരിയര്‍ ഇവിയില്‍ ഓള്‍ വീല്‍ ഡ്രൈവുമുണ്ടാവും. ബാറ്ററിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എങ്കിലും 60kWh ബാറ്ററി പാക്കും 500-650 കിലോമീറ്റര്‍ റേഞ്ചും പ്രതീക്ഷിക്കാം. വെഹിക്കിള്‍ ടു ലോഡ്(വി2എല്‍), വെഹിക്കിള്‍ ടു വെഹിക്കിള്‍(വി2വി) ചാര്‍ജിങ് ഫീച്ചറുകളും ഹാരിയറില്‍ ടാറ്റ കൊണ്ടുവരുമെന്ന് കരുതപ്പെടുന്നു.

ടാറ്റ സിയേറ ഇവി

1991ലാണ് ടാറ്റ അവരുടെ ആദ്യത്തെ ഓഫ് റോഡ് സ്‌പോര്‍ട് യൂട്ടിലിറ്റി വെഹിക്കിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. പേര് ടാറ്റ സിയേറ. 1991 മുതല്‍ 2003 വരെ സിയേറ ഇന്ത്യയില്‍ ഇറങ്ങിയിരുന്നു. നീണ്ട 34 വര്‍ഷങ്ങള്‍ക്കു ശേഷം സിയേറയുടെ ഇവി രൂപം 2025 ല്‍ ഇന്ത്യയില്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ടാറ്റ. അടിമുടി മാറ്റങ്ങളോടെയുള്ള സിയേറ ഇവിയുടെ ഡിസൈനിന്റെ പേറ്റന്റിന് ടാറ്റ അപേക്ഷ നല്‍കിയിരുന്നു. 3 ഡോര്‍ ഡിസൈന്‍ കൂടുതല്‍ പ്രായോഗികമായ 5 ഡോര്‍ ഡിസൈനിലേക്കു മാറും. പവര്‍ട്രെയിന്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

ടാറ്റ ആള്‍ട്രോസ് ഇവി

പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസിനും ഇവി പതിപ്പ് ഇറക്കാന്‍ ടാറ്റ മോട്ടോഴ്‌സിന് പദ്ധതിയുണ്ട്. എന്നു പുറത്തിറക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2025ല്‍ പ്രതീക്ഷിക്കാം. ടാറ്റ പഞ്ച് ഇവിയുടേതിന് സമാനമായ പവര്‍ട്രെയിനായിരിക്കും ആള്‍ട്രോസ് ഇവിക്ക്. പ്രതീക്ഷിക്കുന്ന റേഞ്ച് 500 കിലോമീറ്റര്‍. പഞ്ച് ഇവിയുടേതിനു സമാനമായി 10 മുതല്‍ 12.5 ലക്ഷം രൂപ വരെയായിരിക്കും വില.

Top