ടാറ്റയുടെ പെര്‍ഫോമെന്‍സ് ടിയാഗോ JTP, ടിഗോര്‍ JTP വിതരണം ആരംഭിച്ചു

ടിയാഗോ JTP, കോംപാക്ട് സെഡാന്‍ ടിഗോര്‍ JTP മോഡലുകളുടെ വിതരണം ആരംഭിച്ചു. മുംബൈയിലെ സിഷാന്‍ ഖാന്‍ എന്നൊരു ഉപഭോക്താവിന് ടിയാഗോ JTP മോഡല്‍ കൈമാറികൊണ്ടാണ് പെര്‍ഫോമെന്‍സ് മോഡലിന്റെ ആദ്യ വിതരണം നടന്നത്. ടിയാഗോ JTPക്ക് 6.39 ലക്ഷം രൂപയും ടിഗോര്‍ JTPക്ക് 7.49 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില

പുതിയ എന്‍ജിന് പുറമേ നിലവില്‍ വിപണിയിലുള്ള ടിയാഗോ, ടിഗോര്‍ മോഡലില്‍ ചില കൂട്ടിച്ചേര്‍ക്കല്‍ മാത്രമേ രണ്ടിന്റെയും JTP പതിപ്പിലുള്ളു. പുതിയ ഡിസൈനിലുള്ള ബമ്പറുകള്‍, സ്‌മോക്ക്ഡ് പ്രൊജക്റ്റര്‍ ഹെഡ്‌ലാമ്പ്, ഫോഗ് ലാമ്പ്, ജെടിആര്‍ ബാഡ്ജിങ്ങോടുകൂടിയ ബ്ലാക്ക് ഗ്രില്‍, സൈഡ് സ്‌കേര്‍ട്ട്‌സ്, 15 ഇഞ്ച് അലോയി വീല്‍, ബോഡി കളര്‍ മിറര്‍, ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ്, ബ്ലാക്ക് റൂഫ് സ്‌പോയിലര്‍, ഡിഫ്യൂസര്‍, ബ്ലാക്ക് ലെതര്‍ അപ്‌ഹോള്‍സ്‌ട്രെ എന്നിവയാണ് ജെടിപി പതിപ്പിലെ പ്രത്യേകതകള്‍.

കറുപ്പില്‍ മുങ്ങിയ ഇന്റീരിയറാണ്. ചുവന്ന വളയങ്ങളുള്ള എസി വെന്റുകള്‍, ലതര്‍ ആവരണമുള്ള സ്റ്റീയറിങ് വീല്‍, സ്‌പോര്‍ട്ടി അലുമിനിയം പെഡലുകള്‍, അഞ്ച് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് ഇന്റീരിയറിലെ ഫീച്ചറുകള്‍.

1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് രണ്ടിനും കരുത്തേകുക. 112.4 ബിഎച്ച്പി പവറും 150 എന്‍എം ടോര്‍ക്കും നല്‍കുന്നതാണ് ഈ പവര്‍ഫുള്‍ എന്‍ജിന്‍. 5 സ്പീഡ് മാനുവലാണ് രണ്ടിലെയും ട്രാന്‍സ്മിഷന്‍. 9.95 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ടിയാഗോ ജെടിപിക്ക് സാധിക്കും. 10.38 സെക്കന്‍ഡില്‍ ടിഗോര്‍ ജെടിപി ഈ വേഗം കൈവരിക്കും.

Top