ടിയാഗൊ, ടിഗോര്‍ JTP പതിപ്പുകള്‍ ഇന്ത്യന്‍ വിപണിയില്‍ ; വില 6.39 ലക്ഷം രൂപ മുതല്‍

ടിയാഗൊ, ടിഗോര്‍ JTP പതിപ്പുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 6.39 ലക്ഷം രൂപ വിലയില്‍ ടിയാഗൊ JTPയും 7.49 ലക്ഷ രൂപ വിലയില്‍ ടിഗോര്‍ JTP മോഡലുമാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. JTSV (ജെയം ടാറ്റ സ്‌പെഷ്യല്‍ വെഹിക്കിള്‍സ്) എന്ന പ്രത്യേക വിഭാഗത്തിന് കീഴിലാണ് ഇരുകാറുകളും വിപണിയില്‍ എത്തുന്നത്.

വേഗത്തിനും പ്രകടനക്ഷമതയ്ക്കും പ്രധാന്യം കല്‍പിച്ചുള്ള ടാറ്റയുടെ പുത്തന്‍ പെര്‍ഫോര്‍മന്‍സ് കാറുകളാണ് JTP എഡിഷന്‍ ടിയാഗൊയും ടിഗോറും. 15 നഗരങ്ങളിലായി തെരഞ്ഞെടുത്ത 30 ടാറ്റ ഡീലര്‍ഷിപ്പുകളില്‍ മാത്രമെ ടാറ്റ ടിയാഗൊ JTP, ടിഗോര്‍ JTP മോഡലുകള്‍ വില്‍പനയ്‌ക്കെത്തുകയുള്ളൂ.

എഞ്ചിനില്‍ നിര്‍ണ്ണായക പരിഷ്‌കാരങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. നിലവിലെ 1.2 ലിറ്റര്‍ റെവട്രോണ്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകള്‍ തന്നെയാണ് JTP എഡിഷനുകളിലും. എന്നാല്‍ കരുത്തുത്പാദനത്തില്‍ പുതിയ കാറുകള്‍ ബഹുദൂരം മുന്നിലാണെന്നാണ് കമ്പനിയുടെ വാദം. പ്രകടനക്ഷമതയ്ക്കായി പ്രത്യേകം തരപ്പെടുത്തിയ എഞ്ചിന് 112 bhp കരുത്തും 150 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

അഞ്ചു സ്പീഡാണ് ഇരു കാറുകളിലെയും മാനുവല്‍ ഗിയര്‍ബോക്‌സ്. ആക്‌സിലേറേഷന്‍ കൂട്ടാന്‍ വേണ്ടി JTP എഡിഷനുകളിലെ ഗിയര്‍ അനുപാതം കമ്പനി പരിഷ്‌കരിച്ചു. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ടിയാഗൊ, ടിഗോര്‍ JTP എഡിഷനുകള്‍ക്ക് കേവലം പത്തു സെക്കന്‍ഡുകള്‍ മതി.

ഇരട്ട അറകളുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ ഇരുണ്ട പ്രതീതിയാണ് (സ്‌മോക്ക്ഡ്) നല്‍കുന്നത്. മേല്‍ ഗ്രില്ലില്‍ കുറിച്ച JTP ബാഡ്ജിംഗും ബോണറ്റില്‍ സ്ഥാപിച്ച പ്രത്യേക സ്‌കൂപ്പും JTP എഡിഷനുകളുടെ സ്‌പോര്‍ടി ഭാവത്തിന് ആകര്‍ഷണം നല്‍കും.

Top