ടിയാഗോ ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ വേര്‍ഷന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ടാറ്റ

ന്യൂഡല്‍ഹി : ടാറ്റ ടിയാഗോ എക്‌സ്ടി വേരിയന്റുകളുടെ എഎംടി (ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍) വേര്‍ഷന്‍ അവതരിപ്പിക്കാന്‍ ടാറ്റ മോട്ടോഴ്‌സ് തയ്യാറെടുക്കുന്നു.

വിവിധ മോഡലുകളുടെ മിഡ് വേരിയന്റുകളില്‍ കൂടുതല്‍ ഓട്ടോമാറ്റിക്‌സ് കൊണ്ടുവരാനുള്ള വാഹന നിര്‍മ്മാതാക്കളുടെ പ്രവണതയ്ക്കനുസരിച്ചാണ് ടാറ്റ മോട്ടോഴ്‌സിന്റെ തീരുമാനം. എഎംടിയുള്ള എക്‌സ്ടി വേരിയന്റ് എക്‌സ്ടിഎ എന്നായിരിക്കും അറിയപ്പെടുന്നത്.

നിലവില്‍ ഓപ്ഷനായി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭിക്കുന്ന എക്‌സ് ഇസഡ് വേരിയന്റില്‍നിന്ന് ടാറ്റ മോട്ടോഴ്‌സ് അത് എടുത്തുമാറ്റിയേക്കും.

ടോപ് വേരിയന്റായ എക്‌സ് ഇസഡിന് എഎംടി നല്‍കി ഈ വര്‍ഷം മാര്‍ച്ചിലാണ് ടാറ്റ മോട്ടോഴ്‌സ് ടിയാഗോ അവതരിപ്പിച്ചത്. 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് എക്‌സ് ഇസഡ്എ എന്ന എഎംടി വേരിയന്റ് വിപണിയിലെത്തിച്ചത്.

ടാറ്റ ടിയാഗോയുടെ എക്‌സ്ടി വേരിയന്റില്‍ എഎംടി അവതരിപ്പിക്കുന്ന തീയതി ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചിട്ടില്ല. സെപ്റ്റംബര്‍ പകുതിയോടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

ഇന്‍ബില്‍റ്റ് ക്രീപ് ഫീച്ചറോടെ ഈസി ഷിഫ്റ്റ് എഎംടി സഹിതം എക്‌സ്ടി അഥവാ എക്‌സ് ടിഎ വേരിയന്റ് അവതരിപ്പിക്കുമോയെന്ന് വ്യക്തമല്ല. ഓട്ടോമാറ്റിക്, ന്യൂട്രല്‍, റിവേഴ്‌സ്, മാനുവല്‍ എന്നീ നാല് ഗിയര്‍ പൊസിഷനുകളിലാണ് ടാറ്റ ടിയാഗോ വരുന്നത്. എഎംടി കൂടാതെ മാനുവല്‍ വേര്‍ഷനിലുള്ളതുപോലെ സ്‌പോര്‍ട്‌സ് മോഡും ലഭിച്ചേക്കും.

5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ സഹിതം 1,199 സിസി പെട്രോള്‍ എന്‍ജിന്‍, 1,047 സിസി ഡീസല്‍ എന്‍ജിന്‍ എന്നിവയാണ് ടാറ്റ ടിയാഗോയ്ക്ക് കരുത്ത് പകരുന്നത്. എട്ട് റെവോട്രോണ്‍ (പെട്രോള്‍) വേരിയന്റുകളിലും എട്ട് റെവോടോര്‍ക്ക് (ഡീസല്‍) വേരിയന്റുകളിലുമാണ് ടാറ്റ ടിയാഗോ വിപണിയിലുള്ളത്.

എക്‌സ്ബി, എക്‌സ്ഇ, എക്‌സ്ഇ(ഒ), എക്‌സ്എം, എക്‌സ്എം(ഒ), എക്‌സ്ടി, എക്‌സ്ടി(ഒ), എക്‌സ്ഇസഡ് എന്നിവയാണ് ടിയാഗോ റെവോട്രോണ്‍ വേരിയന്റുകള്‍. എക്‌സ്ബി, എക്‌സ്ഇ, എക്‌സ്ഇ(ഒ), എക്‌സ്എം, എക്‌സ്എം(ഒ), എക്‌സ്ടി, എക്‌സ്ടി(ഒ), എക്‌സ്ഇസഡ് എന്നിവ റെവോടോര്‍ക്ക് വേരിയന്റുകളും.

5.39 ലക്ഷം രൂപ ഡല്‍ഹി എക്‌സ് ഷോറൂം വിലയിലാണ് ടാറ്റ ടിയാഗോ എഎംടി എക്‌സ് ഇസഡ്എ വേരിയന്റ് നേരത്തെ അവതരിപ്പിച്ചത്. എഎംടി സഹിതം എക്‌സ്ടി വേരിയന്റിന് 4.90 ലക്ഷം രൂപയായിരിക്കും വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.

Top