ഗതാഗത നിയമപാലനം കര്‍ശനമാക്കാന്‍ 65 ടാറ്റ നെക്‌സന്‍ ഇവി സ്വന്തമാക്കാനൊരുങ്ങി എംവിഡി

കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ്(എംവിഡി) ഗതാഗത നിയമപാലനം കര്‍ശനമാക്കാന്‍ 65 ടാറ്റ നെക്‌സന്‍ ഇവി സ്വന്തമാക്കുന്നു. സേഫ് കേരള പദ്ധതിയുടെ ഭാഗമായ 65 സ്‌ക്വാഡുകളുടെ ഉപയോഗത്തിനു വേണ്ടിയാണു ബാറ്ററിയില്‍ ഓടുന്ന നെക്‌സന്‍ സ്വന്തമാക്കുന്നത്.

സംസ്ഥാനത്തെ നിരത്തുകളില്‍ ഗതാഗത നിയമങ്ങള്‍ പാലിക്കപ്പെടുന്നെന്ന് ഉറപ്പാക്കുകയാണ് സേഫ് കേരള പദ്ധതിയുടെ ദൗത്യം. കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡില്‍ നിന്നാവും കേരള എം വി ഡി 65 നെക്‌സന്‍ ഇ വി പാട്ടവ്യവസ്ഥയില്‍ സ്വന്തമാക്കുക. വൈദ്യുത വാഹനങ്ങളുടെ പരിപാലന ചുമതലയും ഇ ഇ എസ് എല്ലില്‍ നിക്ഷിപ്തമാവും.

സ്‌ക്വാഡുകള്‍ക്ക് വൈദ്യുത വാഹനം ലഭിക്കുന്നതോടെ ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള ശൃംഖല വിപുലീകരിക്കാനും പദ്ധതിയുണ്ട്. നെക്‌സന്‍ ഇ വി എത്തുന്ന പിന്നാലെ സ്‌ക്വാഡ് ഓഫിസുകളില്‍ ചാര്‍ജിങ് കേന്ദ്രവും സജ്ജീകരിക്കും. ടാറ്റ മോട്ടോഴ്‌സിന്റെ കോംപാക്ട് എസ് യു വിയായ നെക്‌സന്റെ വൈദ്യുത വാഹന പതിപ്പിനു പിന്‍ബലമേകുന്നത് സിപ്‌ട്രോണ്‍ ഇലക്ട്രിക് ആര്‍ക്കിടെക്ചറാണ്. നെക്‌സന്‍ ഇവിയിലെ വൈദ്യുത മോട്ടോറിന് 129 ബി എച്ച് പി കരുത്തും 245 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും. 30.2 കിലോവാട്ട് അവര്‍ ലിഥിയം അയോണ്‍ ബാറ്ററി പായ്ക്കാണു വാഹനത്തിലുള്ളത്. ഒറ്റ ചാര്‍ജില്‍ 312 കിലോമീറ്റര്‍ ഓടാന്‍ നെക്‌സന്‍ ഇ വി’സാധിക്കുമെന്നാണ് ഓട്ടമോട്ടീവ് റിസര്‍ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ(എ ആര്‍ എ ഐ) സാക്ഷ്യപ്പെടുത്തിയത്. ബാറ്ററി പായ്ക്കിന് എട്ടു വര്‍ഷം അഥവാ 1.60 ലക്ഷം കിലോമീറ്റര്‍ നീളുന്ന വാറന്റിയും ടാറ്റ മോട്ടോഴ്‌സ് വാഗ്ദാനം ചെയ്യുന്നു.

സവിശേഷ ഗ്രാഫിക്‌സിനും ലിവറിക്കുമൊപ്പം അധിക സൗകര്യങ്ങളും സംവിധാനങ്ങളുമായാവും കേരള എംവിഡിക്കുള്ള നെക്‌സന്‍ ഇ വിയുടെ വരവ്. അമിത വേഗക്കാരെ കുടുക്കാനുള്ള റഡാര്‍ സ്പീഡ് സെന്‍സറും കാമറയുമൊക്കെ വാഹനത്തിലുണ്ടാവും. നാലു പേര്‍ക്കു വരെ യാത്ര ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. 13.99 ലക്ഷം രൂപ മുതല്‍ 15.99 ലക്ഷം രൂപ വരെയാണ് ഇവയുടെ ഷോറൂം വില. അതേസമയം കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ് നെക്‌സന്‍ ഇവിയുടെ ഏതു വകഭേദമാണു തിരഞ്ഞെടുത്തിരിക്കുന്നതെന്നു വ്യക്തമല്ല.

നിലവില്‍ നെക്‌സന്‍ ഇവിക്ക് ഇന്ത്യന്‍ വിപണിയില്‍ എതിരാളികളില്ലെന്ന നേട്ടവുമുണ്ട്. ‘നെക്‌സന്‍ ഇ വി’യെ നേരിടാന്‍ മഹീന്ദ്ര വികസിപ്പിക്കുന്ന ‘ഇ എക്‌സ് യു വി 300’ പുറത്തിറങ്ങാന്‍ ഇനിയും ഒരു വര്‍മെങ്കിലുമെടുക്കുമെന്നാണു സൂചന. എം ജി ‘സെഡ് എസ് ഇ വി’യും ഹ്യുണ്ടേയ് ‘കോന ഇലക്ട്രിക്കും’ മാത്രമാണ് നിലവില്‍ ഇന്ത്യയില്‍ ലഭ്യമാവുന്ന വൈദ്യുത എസ് യു വികള്‍.

Top