എഡിഷന്‍ വേര്‍ഷന്‍ ഉടന്‍ പുറത്തിറക്കും

ടാറ്റ നെക്‌സോണ്‍ സബ്‌കോംപാക്റ്റ് എസ് യു വിയുടെ ലിമിറ്റഡ് എഡിഷന്‍ വേര്‍ഷന്‍ ഉടന്‍ പുറത്തിറക്കും. ലിമിറ്റഡ് എഡിഷനായി ടാറ്റ നെക്‌സോണ്‍ നിയോണ്‍ എഡിഷനാണ് വിപണിയിലെത്തുന്നത്. വാഹനത്തിന്റെ ബോഡിയില്‍ പലയിടങ്ങളിലായി നിയോണ്‍ ഗ്രീന്‍ ഷേഡ് നല്‍കുമെന്നതാണ് പ്രധാന സവിശേഷത.

ഉത്സവ സീസണ്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് വാഹനം പുറത്തിറക്കുന്നത്. ഔട്ട്‌സൈഡ് റിയര്‍ വ്യൂ മിറര്‍, ഗ്രില്‍, എസി വെന്റുകള്‍ എന്നിവയില്‍ നിയോണ്‍ ഗ്രീന്‍ നിറമാണ് നല്‍കിയിരിക്കുന്നത്. നെക്‌സോണ്‍ നിയോണ്‍ ലിമിറ്റഡ് എഡിഷന്‍ വിപണിയിലെത്തിക്കുന്നതിലൂടെ സബ്‌കോംപാക്റ്റ് എസ് യു വിയുടെ വില്‍പ്പന പിന്നെയും വര്‍ധിപ്പിക്കാമെന്നാണ് ടാറ്റ മോട്ടോഴ്‌സ് കണക്കുകൂട്ടുന്നത്. ഫോഡ് ഇക്കോസ്‌പോര്‍ട്, മാരുതി സുസുകി വിറ്റാര ബ്രെസ്സ എന്നിവയാണ് സെഗ്മെന്റില്‍ ടാറ്റ നെക്‌സോണിന്റെ എതിരാളികളാകുന്നത്.

നിലവില്‍ പ്രതിമാസം ശരാശരി നാലായിരത്തോളം യൂണിറ്റ് നെക്‌സോണാണ് വിറ്റുപോകുന്നത്. ടാറ്റ കാറുകളില്‍ ടിയാഗോ കഴിഞ്ഞാല്‍ ഏറ്റവുമധികം വിറ്റുപോകുന്ന മോഡലാണ് നെക്‌സോണ്‍. ഈ വര്‍ഷമാദ്യം എറ്റ്‌ന ഓറഞ്ച് ഷേഡ് നല്‍കിയാണ് ടാറ്റ നെക്‌സോണ്‍ എഎംടി പതിപ്പ് പുറത്തിറക്കിയത്. ഇറ്റലിയില്‍ സിസിലിയുടെ കിഴക്കേ തീരത്ത് സ്ഥിതി ചെയ്യുന്ന സജീവ അഗ്‌നിപര്‍വ്വതമാണ് എറ്റ്‌ന.

ലിമിറ്റഡ് എഡിഷന്‍ വേര്‍ഷന്‍ ആയതിനാല്‍ നെക്‌സോണ്‍ നിയോണ്‍ എഡിഷന്‍ പരിമിത കാലത്ത് മാത്രമായിരിക്കും വിപണിയില്‍ ലഭിക്കുന്നത്. മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമുണ്ടാകില്ല. അതേ 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 108 ബിഎച്ച്പി വീതം പവര്‍ ഉല്പ്പാദിപ്പിക്കും. രണ്ട് എന്‍ജിനുകള്‍ക്കും 6 സ്പീഡ് മാന്വല്‍, എഎംടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ടാറ്റ നെക്‌സോണ്‍ ഈയിടെ 4 സ്റ്റാര്‍ റേറ്റിംഗ് നേടിയിരുന്നു.

Top