അള്‍ട്രോസിന്റെ ചില വേരിയന്‍റുകള്‍ പിൻവലിച്ച് ടാറ്റ മോട്ടോർസ്

രാജ്യത്തെ മുൻനിര കാർ നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ജനപ്രിയ ഹാച്ച്ബാക്കായ അള്‍ട്രോസ് ശ്രേണിയില്‍ വമ്പന്‍ അഴിച്ചുപണി നടത്തിയതായി റിപ്പോര്‍ട്ട്. നാല് വേരിയന്റുകൾ നിർത്തലാക്കിയ കമ്പനി ഒരു പുതിയ വേരിയന്റ് ഉൾപ്പെടുത്തുകയും ചെയ്‍തു. XE, XZ ഡാർക്ക്, XZ(O) ഡീസൽ വേരിയന്റുകളും ഒപ്പം ഹാച്ച്‌ബാക്കിന്റെ XZA(O) പെട്രോൾ വേരിയന്റും കമ്പനി നിര്‍ത്തലാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ആൾട്രോസിന്റെ നിരയിലേക്ക് XT ഡാർക്ക് പതിപ്പ് ചേർത്തതായും ഫിനാൻഷ്യല്‍ എക്സപ്രസ് ഡ്രൈവ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടാറ്റ മോട്ടോഴ്‌സ് ആൾട്രോസിനായി ഹൈ സ്ട്രീറ്റ് ഗോൾഡ് കളർ സ്‍കീം വീണ്ടും അവതരിപ്പിച്ചു. ഹാച്ച്ബാക്ക് ഇപ്പോൾ മൊത്തം ഏഴ് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ഓപ്പറ ബ്ലൂ, ആർക്കേഡ് ഗ്രേ, ഡൗൺടൗൺ റെഡ്, അവന്യൂ വൈറ്റ്, കോസ്മോ, കറുപ്പ്, ഹാർബർ ബ്ലൂ എന്നിവയാണഅ ഈ നിറങ്ങള്‍.

ഈ പരിഷകരണത്തിന്‍റെ കാരണം ഒന്നും ടാറ്റ വ്യക്തമാക്കിയിട്ടില്ല. ഡീലർമാർ പറയുന്ന കാരണം വിൽപ്പനയിലെ ഇടിവു മൂലമാകാം എന്നാണ്. എന്നാല്‍ മുമ്പ് ടാറ്റ നെക്‌സോണില്‍ ചെയ്‌തത് പോലെ ലൈനപ്പിനെ പുതുക്കാൻ മാത്രമാണ് ഇതെന്നാണ് കുറച്ച് ഡീലർമാരുടെ വാദം.

മെക്കാനിക്കലി യാതൊരു മാറ്റവും ടാറ്റ ആൾട്രോസിന് വരുത്തിയിട്ടില്ല. 85 bhp 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ, 108 bhp 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ, 89 bhp 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് ആൾട്രോസിന് ലഭിക്കുന്നത്. മാനുവൽ, ഡിസിടി എന്നിങ്ങനെ ഗിയർബോക്‌സ് ഓപ്ഷനുകളും അതേപടി നിലനിൽക്കും.

ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായ് i20, മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാൻസ എന്നിവയുമായാണ് ടാറ്റ അള്‍ട്രോസ് മത്സരിക്കുന്നത്.

Top